കോണ്‍ഗ്രസ് വിമതന്മാരുടെ ചേക്കറലില്‍ അസംതൃപ്തരായി സിപിഎം അണികള്‍
കൊച്ചി: കോണ്‍ഗ്രസ് വിമതന്മാര്‍ സിപിഎമ്മിലേക്ക് കൂട്ടത്തോടെ ചേക്കേറുന്നതില്‍ അസംതൃപ്തരായി അണികള്‍. കോണ്‍ഗ്രസില്‍ നിന്നു വരുന്നവരെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുമ്പോള്‍ കാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി ചോരയും നീരും നല്‍കിയ തങ്ങളെ അവഗണിക്കുകയാണെന്നാണ് അവരുടെ പരാതി.
മാത്രമല്ല കോണ്‍ഗ്രസുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അച്ചടക്ക നടപടിയിലൂടെ തങ്ങളെ അടിച്ചമര്‍ത്തുന്ന നയവും അണികള്‍ക്ക് ദഹിക്കുന്നില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കും പടലപ്പിണക്കങ്ങളും പതിവാണെങ്കിലും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നത് നടാടെയാണ്.
ഭരണമില്ലെങ്കില്‍ തങ്ങള്‍ വെറും സാധാരണക്കാരാണെന്ന് തിരിച്ചറിഞ്ഞ് രണ്ടാംവട്ടവും ഭരണത്തിലേറിയ സിപിഎമ്മിലേക്ക് കുടിയേറിയവരാണ് മിക്കവരുമെന്ന് സിപിഎമ്മുകാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണായക പദവിയിലുള്ളവര്‍ സിപിഎമ്മിലെത്തുമ്പോള്‍ അണികളാരും വന്നില്ല.
സ്വന്തം വാര്‍ഡില്‍ നിന്നുപോലും ആളെക്കൂട്ടാന്‍ കഴിയാത്ത ഇത്തരക്കാരെ പാര്‍ട്ടിയില്‍ സ്വീകരിക്കുന്നത് എന്തിനുവേണ്ടിയെന്നും അണികള്‍ക്ക് മനസിലാവുന്നില്ല. കോണ്‍ഗ്രസ് വിട്ട് വെറുംകൈയുമായി സിപിഎമ്മില്‍ ചേക്കേറിയ കെ.പി. അനില്‍കുമാറിന് കോഴിക്കോട് പാര്‍ട്ടി സമ്മേളനത്തിന്റെ രക്ഷാധികാരിയായി സ്ഥാനം നല്‍കി. എന്നാല്‍ തുടര്‍ഭരണം നേടിയെങ്കിലും സിപിഎം പരാജയപ്പെട്ട മണ്ഡലങ്ങളിലെ നേതാക്കള്‍ക്ക് തരംതാഴ്ത്തലും പരസ്യശാസനയുമായി മുന്നോട്ടു പോവുകയാണ് പാര്‍ട്ടി.
പൊതുജനങ്ങളില്‍ നിന്നും നിത്യവും അകലുന്ന പ്രാദേശിക നേതാക്കള്‍ക്ക് ഇതോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം കുറഞ്ഞുവരികയാണ്. മറ്റു പാര്‍ട്ടികള്‍ അച്ചടക്കത്തിന്റെ പേരിലും അഴിമതിയുടെ പേരിലുമെല്ലാം പുറത്താക്കപ്പെടുന്നവര്‍ പാര്‍ട്ടിയിലെത്തുന്നത് ജനപ്രീതിയില്‍ കാര്യമായ ഇടിവുണ്ടാക്കുമെന്നും ചിലര്‍ ആശങ്കപ്പെടുന്നുണ്ട്.
കണ്ണൂരില്‍ ബിജെപി നേതാവായിരുന്ന ഒ.കെ. വാസു സിപിഎമ്മിലേക്ക് വന്നപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി. പക്ഷേ ബിജെപിക്ക് കണ്ണൂരില്‍ വേരോട്ടം കൂടിയതല്ലാതെ സിപിഎമ്മിന് പ്രത്യക്ഷത്തില്‍ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും ഉദാഹരണമായി ചില മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.