Kerala NewsLatest NewsNews

പരീക്ഷയിലൂടെ സ്ഥാനക്കയറ്റത്തിന് ദേവസ്വം വക കോഡ് മന്ത്രം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വക സ്ഥാനക്കയറ്റത്തിന് കോഡ് മന്ത്രദീക്ഷ. തങ്ങളുടെ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടി സ്വാമിയേ ശരണമയ്യപ്പ, അമ്മേ നാരായണ, ഓം എന്നീ കോഡുകള്‍ രേഖപ്പെടുത്താനാണ് പരീക്ഷ എഴുതുന്നവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിലെ ഓഫീസേഴ്‌സ് ടെസ്റ്റിന്റെ ഉത്തരക്കടലാസില്‍ ഈ മന്ത്രങ്ങളെഴുതിയവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കാനാണ് ചില ഉന്നതര്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു ദേവസ്വം ഓഫീസേഴ്സ് ടെസ്റ്റ് (ഡിഒടി).

ഡിഒടി-1, ഡിഒടി-2, മതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരവൂര്‍ മുതല്‍ പാറശാല വരെയുള്ള ദേവസ്വങ്ങളില്‍ പുതിയതായി ജോലിക്കു കയറിയ 250ലേറെ എല്‍ഡി ക്ലര്‍ക്കുമാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും മറ്റ് ജീവനക്കാരും പരീക്ഷയെഴുതി. ദേവസ്വം മാന്വലില്‍നിന്നും മുന്‍കൂട്ടി പ്രസിദ്ധീകരിച്ച മതഗ്രന്ഥങ്ങളില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. ഉത്തരക്കടലാസ് പരിശോധിക്കുമ്പോള്‍ കോഡ് മന്ത്രങ്ങളെഴുതിയവര്‍ക്ക് മാര്‍ക്ക് ഇഷ്ടംപോലെ നല്‍കും. ക്രമക്കേടിലൂടെ ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ്.

ഫസ്റ്റ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടേഷനില്‍ വന്നയാളാണ്. അതിനാല്‍ ദേവസ്വം വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് മുതലെടുത്ത് മറ്റൊരു ഉദ്യോഗസ്ഥനാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നത്. സെക്കന്‍ഡ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്ന വിവരം ചിലര്‍ നേരത്തേ പുറത്തുവിട്ടു. മതവിഷയം നോക്കുന്നത് 70 വയസ് പിന്നിട്ടിട്ടും ഓണറേറിയം വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്നയാളാണ്.

പരീക്ഷ നടന്നപ്പോള്‍ തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പരീക്ഷ എഴുതിയവരുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്. ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പരുണ്ടെങ്കിലും പരീക്ഷ എഴുതിയ ആളെ തിരിച്ചറിയാനാണു കോഡ് മന്ത്രം.

ക്രമക്കേടിനെതിരെ സര്‍ക്കാരിനെയും ഹൈക്കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാര്‍. എന്തായാലും തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ മന്ത്രദീക്ഷ നല്‍കിയവര്‍ തുടക്കത്തില്‍ തന്നെ പദ്ധതി പാളിയ അങ്കലാപ്പിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button