പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനങ്ങൾ 3334.85 കോടിയുടെ നഷ്ടം വരുത്തി.
NewsKeralaNationalLocal News

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനങ്ങൾ 3334.85 കോടിയുടെ നഷ്ടം വരുത്തി.

സർക്കാർ വാദങ്ങൾ പൊളിച്ചെഴുതി സിഎജിയുടെ റിപ്പോർട്ട്. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനങ്ങൾ 3334.85 കോടിയുടെ നഷ്ടം വരുത്തിയതായാണ് നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് പൂത്തുലഞ്ഞു എന്ന വാദം പൊളിയുകയാണ്.
സിഎജിയുടെ റിപ്പോർട്ട് പ്രകാരം 136 പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 എണ്ണവും പ്രവർത്തനരഹിതമാണ്. കൂടാതെ സാമ്പത്തിക വളർച്ചയ്ക്ക് പൊതുമേഖല യാതൊരു സംഭാവനയും നൽകുന്നില്ല. 2014 മാർച്ച് 31വരെ 13897. 60 കോടി ആയിരുന്നു പൊതുമേഖലയിലെ സർക്കാർ നിക്ഷേപം. എന്നാൽ 39494. 84 കോടിയാണ് 2018 മാർച്ച് 31 വരെ സർക്കാർ പൊതുമേഖലയിൽ നിക്ഷേപിച്ചത്. നാലു വർഷത്തിനിടയിൽ 184 ശതമാനം നിക്ഷേപം ഉയർന്നെങ്കിലും പൊതുമേഖലയെ രക്ഷിക്കാനായില്ല എന്ന് പുറത്തുവരുന്ന കണക്കുകൾ തെളിയിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ മുടക്കിയ 25,597 കോടിയിൽ 60 ശതമാനവും ഊർജ്ജ മേഖലയിലേക്കാണ് പോയത്. അതായത് 15232 കോടിയും ഊർജ്ജ മേഖലയിലാണ് ചിലവിട്ടത് എങ്കിലും ലാഭത്തിൽ ആയിരുന്നത് നഷ്ടത്തിലായി എന്നതാണ് വാസ്തവം. 2013 -14 വർഷത്തിൽ 147.57 കോടി ലാഭം നേടിയപ്പോൾ വൈദ്യുതി ബോർഡ് വരുത്തിയത് നഷ്ടം കാരണം 2017 -18 കാലയളവിൽ 1852.91 കോടിയുടെ നഷ്ടമുണ്ടായി.
ഇതിനുപുറമേ സർക്കാരിന്റെ സാമ്പത്തിക കണക്കുകളുമായി പൊതുമേഖലാസ്ഥാപനങ്ങളുടെ മൂലധനം, വായ്പ ഗ്യാരണ്ടി തുകകളും പൊരുത്തപ്പെടുന്നില്ല. 136 പൊതുമേഖലാ സ്ഥാപനങ്ങളിൽ 110 സ്ഥാപനങ്ങളിലും ഈ പൊരുത്തക്കേട് വ്യക്തമായി കാണാം. 1495 കോടിയുടെ വ്യത്യാസമാണ് സിഎജി കണ്ടെത്തിയത്. വായ്പയുടെ കണക്കിൽ 1096 കോടിയുടെയും, ഗ്യാരണ്ടി തുകയുടെ കണക്കുകളിൽ 855 കോടിയുടെയും, മൂലധന കണക്കുകളിൽ 544 കോടിയുടെയും വ്യത്യാസമുണ്ട്.
നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ലാഭത്തിലും ഇടിവ് സംഭവിച്ചതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. ലാഭം നേടാനായി സബ്സിഡി രഹിത ഉൽപ്പന്നങ്ങളുടെ വിപണിയിൽ ഏർപ്പെട്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. 2015 -16 കാലയളവിൽ 99.0 9 കോടി ആയിരുന്ന ലാഭം 2017 -18 കാലയളവ് ആയപ്പോൾ 29.61 കോടിയായി കുറഞ്ഞു. ഇതുകൂടാതെ കെഎസ്എഫ്ഇ യിൽ സ്വകാര്യ പണമിടപാടു കാർക്ക് സ്വർണ വായ്പ അനുവദിച്ചതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചതന്റെയും, സർക്കാർ ഉറപ്പുനൽകുന്നു എന്ന തെറ്റായ പ്രസ്താവന നടത്തി നിക്ഷേപങ്ങൾ സ്വീകരിച്ചതിന്റെയും കണക്കുകൾ സിഎജി റിപ്പോർട്ടിൽ ഉണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക്, സ്ഥാപനങ്ങൾ ന്യായമായ ഉറപ്പുവരുത്തണമെന്നും, കണക്കുകൾ സമയബന്ധിതമായി പൊരുത്തപ്പെടുത്തണം എന്നും സിഎജി ശുപാർശ ചെയ്യുന്നുണ്ട്.

Related Articles

Post Your Comments

Back to top button