കാര്യനിർവ്വഹണ ചട്ടങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നു.
NewsKeralaLocal News

കാര്യനിർവ്വഹണ ചട്ടങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നു.

കാര്യനിർവ്വഹണ ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ സമഗ്രമായ മാറ്റം വരുത്തുന്നു. ഇതിനായി സെക്രട്ടറി തല സമിതി സമർപ്പിച്ച കരട് ചട്ടങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിന് എ.കെ. ബാലൻ ചെയർമാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവരാണ് മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങൾ.
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും 2020 ജൂലായ് 1ന് ആരംഭിച്ച ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ ബസുകളുടെ 2020 ഏപ്രിൽ 1 മുതൽ സെപ്‌തംബർ 1 വരെയുള്ള ആറുമാസത്തെ വാഹന നികുതി പൂർണമായും ഒഴിവാക്കാനും തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതർ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും രജിസ്ട്രേഷന് ആവശ്യമായി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കൃഷിയും കർഷക ക്ഷേമവും വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് റീബിൽഡ് കേരള ഇൻഷേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകുകയുണ്ടായി. 2018 മൺസൂണിന് ശേഷം തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ രൂക്ഷമായ കടലാക്രണത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. യാനങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ പൂർണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉൾപ്പടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി അനുവദിച്ചു.

Related Articles

Post Your Comments

Back to top button