ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചു

മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ ചെയർമാനായുള്ള ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചു. എം എൽ എ യുടെ ആസ്ഥി വിവരങ്ങൾ ശേഖരിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാനാണ് നടപടി. ഒപ്പം തന്നെ വിഷയത്തിൽ ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടികളും ആരംഭിച്ചു കഴിഞ്ഞു. എം എൽ എ യുടെ ആസ്ഥി – ബാധ്യത വിവരങ്ങൾ ശേഖരിച്ച ശേഷം മുഴുവൻ നിക്ഷേപകർക്കും പണം തിരിച്ചു നൽകാനാണ് നീക്കം. ചെറിയ ഇടപാടുകാർക്ക് ആദ്യം പണം ലഭ്യമാക്കിയാവും നടപടികൾ. ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ്റെ നേതൃത്വത്തിലാണ് പ്രശ്ന പരിഹാരം പുരോഗമിക്കുന്നത്.
അതേ സമയം ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംഎൽഎ എം സി ഖമറുദീനെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് എം രാജഗോപാലൻ എംഎൽഎ സ്പീക്കർക്ക് കത്തയച്ചു. ധാർമികമൂല്യങ്ങൾക്ക് നിരക്കാത്ത അധാർമിക നടപടിയും കടുത്ത പെരുമാറ്റച്ചട്ട ലംഘനവുമാണ് എംഎൽഎയുടേ ഭാഗത്ത് നിന്നും ഉണ്ടായത്.ജ്വല്ലറി തട്ടിപ്പിന് പുറമെ എംഎൽഎ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്‌റ്റ് തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതിമന്ദിരത്തിന്റെയും ജെംസ് സ്‌കൂളിന്റെയും വഖഫ് ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവവും വിവാദമാണ്.നിയമസഭക്കും പൊതുസമൂഹത്തിനും കളങ്കം വരുത്തിയ എംഎൽഎയുടെ നടപടി നീതീകരിക്കാനാകാത്തതാണ്. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് സഭാസമ്മേളന കാലയളവല്ലാത്തതിനാൽ നിയമസഭയിലുന്നയിക്കാൻ സാഹചര്യമില്ലെന്നിരിക്കെ വിഷയത്തിലെ അടിയന്തരസ്വഭാവം മുൻനിർത്തി ഉചിതമായ നടപടിയുണ്ടാകണമെന്ന് എം രാജഗോപാലൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ബി ജെ പിയും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
നിലവിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 40 കേസുകളാണ് എം എൽ എ ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വണ്ടി ചെക്ക് കേസിൽ നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഇതിനിടയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം തുടങ്ങി. ഈ സാഹചര്യത്തിൽ പരാതികൾ ഒത്തുതീർപ്പാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.