

ഇന്ത്യ ചൈന അതിർത്തിയിൽ സമാധാനത്തിനുമായുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, മുൻ കരുതൽ എന്നോണം ഗൽവാൻ താഴ്‌വരയിൽ ഇന്ത്യഅത്യാധുനിക ടി–90 ഭീഷ്മ ടാങ്കുകൾ നിരത്തി. മിസൈൽ വിക്ഷേപിക്കാവുന്ന ഈ ടാങ്കുകൾ 11 സെക്കന്റുകൊണ്ട് ലക്ഷ്യമിടുന്ന മേഖലയിൽ ശത്രു സംഹാരം യാഥാർഥ്യമാക്കുന്നവയാണ്. ശത്രുവിന്റെ ടാങ്കുകളെ തകർക്കുന്ന മിസൈൽ സംവിധാനം ഉൾപ്പടെയുള്ള ടി–90 ഭീഷ്മ, ശക്തിയിൽ പ്രഹരിക്കാനും ആണവ, ജൈവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളവയാണ്. ഗൽവാൻ നദിക്കരയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സായുധ സൈന്യത്തെ വിന്യസിക്കുകയും കൂടുതലായി ടെന്റുകൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇവിടെ പടയൊരുക്കം ശക്തമാക്കിയത്. 9എം119 റെഫ്ലക്സും (എടി–11 സ്നൈപർ) ടാങ്ക്‌വേധ മിസൈൽ സംവിധാനവുമുള്ള ടി–90യുടെ പ്രഹരപരിധി 100 മുതൽ 4000 മീറ്റർ വരെയാണ്. പരമാവധി ദൂരേക്കു 11.7 സെക്കൻഡ് കൊണ്ട് എത്തിച്ചേർന്നു ശത്രുവിനെ ഭസ്മമാക്കും.

എക്സ്പ്ലോസിവ് റിയാക്ടീവ് ആർമർ ഘടിപ്പിച്ച ടാങ്കുകളെ ലക്ഷ്യം വയ്ക്കുന്ന ഇവയ്ക്ക് 5 കിലോമീറ്റർ പരിധിയിൽ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെയും യുദ്ധ വിമാനങ്ങളെയും വരെ തകർക്കാനാവും. 23.4 കിലോഗ്രാം ആണ് ടി–90 യിലെ മിസൈലിന്റെ ഭാരം. ഇൻഫ്രാറെഡ് ജാമർ, ലേസർ വാണിങ് സിസ്റ്റം, ഗ്രനേഡ് ഡിസ്ചാർജിങ് സിസ്റ്റം, കംപ്യൂട്ടർ നിയന്ത്രിത സംവിധാനം എന്നിവ ഉൾക്കൊള്ളുന്നതാണിത്. ടാങ്കിലെ ഡ്രൈവർക്കു ടിവിഎൻ–5 ഇൻഫ്രാറെഡ് വഴി രാത്രിക്കാഴ്ചയും സാധ്യമാകും. ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫയർ കൺട്രോൾ സിസ്റ്റത്തെ (ഐഎഫ്സിഎസ്) മാനുവലായി കമാൻഡർക്കു നിയന്ത്രിക്കാനുമാകും എന്ന പ്രത്യേകതയും ഉണ്ട്. 1600 ലീറ്ററാണ് ടി–90 യുടെ ഇന്ധനശേഷി. രാജ്യത്തിന്റെ അതിർത്തിയെ സുരക്ഷിതമാക്കാനുള്ള സൈന്യത്തിന്റെ നീക്കങ്ങളുടെ ഭാഗമായി നിർമിച്ചതാണു കരുത്തുറ്റ ടി–90 ഭീഷ്മ ടാങ്കുകൾ.
സൈന്യത്തിന്റെ കൈവശം ഇപ്പോൾ 1070 ടി–90 ടാങ്കുകളും 124 അർജുന്‍, 2400 പഴയ ടി–72 ടാങ്കുകളും ഉണ്ട്. ഇൻഫൻട്രി കോംപാറ്റ് വാഹനങ്ങളും 155 എംഎം ഹോവിറ്റ്സറുകളും കിഴക്കൻ ലഡാക്കിലെ 1597 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ വിന്യസിച്ചു കഴിഞ്ഞു. ഇതിനൊപ്പം ഛുഷുൽ മേഖലയിൽ രണ്ട് ടാങ്ക് റെജിമെന്റുകളും വിന്യസിച്ചിട്ടുണ്ട്. സ്പാൻഗുർ ഗ്യാപിലൂടെ ചൈന എന്തെങ്കിലും നീക്കങ്ങൾ നടത്തിയാൽ പ്രതിരോധിക്കാനാണിത്.
1992ൽ ആണ് ടി–90 ടാങ്കുകൾ റഷ്യൻ സേനയുടെ ഭാഗമായത്. 2001 ഫെബ്രുവരിയിൽ മുന്നൂറിലേറെ ടാങ്കുകൾ വാങ്ങാൻ ഇന്ത്യൻ സൈന്യം കരാറൊപ്പിട്ടിരുന്നു. 124 എണ്ണം റഷ്യയിൽ നിർമിച്ചു. ബാക്കി ഇന്ത്യയിൽ ഭാഗങ്ങൾ കൂട്ടിച്ചേർത്തു സൈന്യത്തിനു കൈമാറിവരുകയാണ്. ആവടിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ (എച്ച്‌വിഎഫ്) ആണ് ബാക്കിയുള്ള ടി–90 ‘ഭീഷ്മ’ ടാങ്കുകൾ നിർമിക്കുന്നത്. 2004ൽ ആദ്യ സെറ്റ് ടാങ്കുകൾ റഷ്യ കൈമാറുകയും, സൈന്യത്തിന് ഉപയോഗിക്കാൻ അനുവദിക്കുകയുമുണ്ടായി. 2020ഓടെ 1640 ടി–90 ഭീഷ്മ ടാങ്കുകൾ സൈന്യത്തിനു ലഭ്യമാക്കാനാണു ലക്ഷ്യമെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. 2022– 2026 കാലയളവിൽ 464 ടാങ്കുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുക. 13,488 കോടിയിലേറെ രൂപയാണു ചെലവ്. റഷ്യയിൽനിന്ന് ലൈസൻസ് വാങ്ങാൻ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രസമിതി നേരത്തേ അനുമതി നൽകിയിരുന്നതാണ്.

Post Your Comments