കര, വ്യോമ സേനയിലെ പറക്കും പടയിറങ്ങി, ലഡാക്കിൽ ഇന്ത്യൻ സേന സംയുക്ത സേനാഭ്യാസം നടത്തി.
NewsNationalWorld

കര, വ്യോമ സേനയിലെ പറക്കും പടയിറങ്ങി, ലഡാക്കിൽ ഇന്ത്യൻ സേന സംയുക്ത സേനാഭ്യാസം നടത്തി.

ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷ മേഖലയിൽ ഇന്ത്യൻ സേന സംയുക്ത സേനാഭ്യാസം നടത്തി. കര, വ്യോമ സേനയിലെ പറക്കും പടയാണ് സൈനിക അഭ്യാസത്തിൽ പങ്കാളികളായത്. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, അപാചി അറ്റാക് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണ് മുഖ്യമായും നടത്തിയത്. ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലും, അതിർത്തിയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനിടെയാണ് ഇന്ത്യയുടെ സൈനിക അഭ്യാസം നടത്തിയത്. ലഡാക്ക് അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ ചൈന പോർമുഖം തുറക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ഇന്ത്യൻ സേന വിലയിരുത്തുന്നത്. സേനാ നീക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യ ഇവിടെ സൈനികാഭ്യാസം നടത്തിയത്.
അതിർത്തി മേഖലകളിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ച നരവനെ, അതിർത്തിയിലെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്. ഇതിനിടെ, കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം നടക്കുകയാണ്. സംഘർഷം തുടരുന്ന പാംഗോങ് മേഖലയിൽ 8 കിലോമീറ്റർ ആണ് ചൈന അതിക്രമിച്ച് കയറിയിട്ടുള്ളത്. നാലാം മലനിരയിൽ ചൈന ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ളത് ഇപ്പോഴും പാംഗോങ്ങിലാണ്.

Related Articles

Post Your Comments

Back to top button