Latest NewsNationalNews
അനന്ത്നാഗിൽ, തീവ്രവാദി ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു.

ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദി ആക്രമണത്തിൽ ഒരു കേന്ദ്ര റിസർവ് പൊലീസ് സേന (സി.ആർ.പി.എഫ്) ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്നാഗിലെ ബിജ്ബെഹരയിൽ ഹൈവേ പട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനുനേരെ തീവ്രവാദി ആക്രമണമുണ്ടാവുകയായിരുന്നു. ഒരു സി.ആർ.പി.എഫ് ജവാനും ആറു വയസ്സുള്ള പ്രദേശത്തെ ഒരു കുട്ടിക്കും സംഭവത്തിൽ ഗുരുതര പരിക്കേറ്റു. ഇവരെ ബിജ്ബെഹരയിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വഴിമധ്യേ മരണം സംഭവിച്ചതായി സി.ആർ.പി.എഫ് വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ, പുൽവാമ ജില്ലയിലെ അവന്തിപുരയിലെ ത്രാൾ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.