

ഇന്ത്യ ചൈന അതിർത്തി തർക്കത്തെ തുടർന്ന് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിറകെ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ലൈസന്‍സിങ് ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ നീക്കം. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കാൻ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനായിട്ടാണ് സർക്കാർ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ലൈസന്‍സിങ് കൊണ്ട് വരുന്നത്. ഒപ്പം, ഇന്ത്യൻ വിപണയിലെ ചൈനീസ് കമ്പനികളുടെ പ്രാതിനിധ്യം കുറയ്ക്കുകയാണ് മുഖ്യമായും ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ട് വരും. ടയർ മുതൽ ചന്ദനത്തിരി വരെയുള്ള ഉൽപന്നങ്ങൾ പ്രാദേശികമായി ഉത്പാദിക്കുന്നത് വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ കേന്ദ്രം നേരത്തെ തന്നെ ആരംഭിച്ചിരുന്നതാണ്. 12 ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായ തോതിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയർ കണ്ടീഷണറുകൾ, ടിവി സെറ്റുകൾ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നത്.
നിലവാരം കുറഞ്ഞ സാധനങ്ങളുടെ വിദേശ ഇറക്കുമതി പൂർണമായും തടയും. നിലവാരം ഉണ്ടെങ്കിൽ മാത്രം ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾ ഇനി ഇറക്കുമതിക്ക് അനുവദിക്കും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാദരക്ഷകൾ ഇലക്ട്രിക് ഉപകരണങ്ങൾ, ഇലക്‌ട്രിക് വാഹനങ്ങൾ എന്നിവയുടെ തീരുവ കുത്തനെകുത്തനെ ഉയർത്തുന്നത് നേരത്തെ തന്നെ കേന്ദ്രം പരിഗണിച്ചിരുന്നു. നിർദിഷ്ട തുറമുഖങ്ങളിലൂടെ മാത്രം ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാണ് വാണിജ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സ്റ്റീൽ, അലുമിനം, പെട്രോകെമിക്കൽ, കളിപ്പാട്ടങ്ങൾ, ഫർണീച്ചറുകൾ, പാദരക്ഷ, ലിഥിയം അയൺ ബാറ്ററി, ആന്റിബയോട്ടിക്, വാഹനഭാഗങ്ങൾ, സോളാർ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ കായിക ഉപകരണങ്ങൾ തുടങ്ങിയവയും വാണിജ്യ മന്ത്രാലയം തയാറാക്കിയ ലിസ്റ്റിൽ ഉണ്ട്. ഇവയുടെ പ്രാദേശികമായ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും എടുക്കുകയാണ്. ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനം നൽകും.
ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും കാലാ കാലങ്ങളായി ആവശ്യപ്പെടുകൈയാളാണ്. കളിക്കോപ്പുകൾ, ഗൃഹോപകരണങ്ങൾ, വളം, മൊബൈലുകൾ, ഇലക്ട്രിക് സാധനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിങ്ങനെ ഇന്ത്യയിൽ പ്രാദേശിക നിർമാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങൾ എത്തുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണം പ്രാദേശിക ഉത്പന്നങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
Post Your Comments