പ്രായമായവരുടെ മരണം പോലെയാണ് കോവിഡ് മരണവും ; മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവനയിൽ വിവാദം
ഭോപ്പാൽ: കൊറോണ വ്യാപനത്തെ തുടർന്നു പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീൽ. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആളുകൾക്ക് പ്രായമേറുമ്പോൾ അവർ മരിക്കുന്നത് സ്വാഭാവികം, അതു പോലെയാണ് കോവിഡ് ബാധിച്ചവർ മരിക്കുന്നതെന്നായിരുന്നു കോവിഡ് മരണസംഖ്യ വർധിക്കുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പാട്ടീൽ പ്രതികരിച്ചത് . കോവിഡ് 19 മൂലമുള്ള മരണത്തെ ആർക്കും തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സംഭവിച്ചതായി താൻ സമ്മതിക്കുന്നു . ആർക്കും അത് തടയാൻ കഴിയില്ലെന്നും പാട്ടീൽ പറഞ്ഞു. താൻ മാത്രമല്ല ഇക്കാര്യം പറയുന്ന ഏകവ്യക്തിയെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. അതെ സമയം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് പാട്ടീൽ ആവശ്യപ്പെടുകയും ചെയ്തു.
നിയമസഭയിൽ കോവിഡ് കാര്യം ചർച്ച ചെയ്തതായും ജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും സാമൂഹികാകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ ഡോക്ടറെ കാണേണ്ടതാവശ്യമാണെന്നും വേണ്ടത്ര ഡോക്ടർമാരുടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.