കളമശേരി മെഡിക്കൽ കോളജ് വീണ്ടും വിവാദക്കയങ്ങളിലേക്ക്, മികച്ച ചികിത്സ ലഭിക്കാൻ കൈക്കൂലി ചോദിച്ചെന്ന്.

കളമശേരി മെഡിക്കൽ കോളജ് വീണ്ടും വിവാദക്കയങ്ങളിലേക്ക്. മികച്ച ചികിത്സ ലഭിക്കാൻ കൈക്കൂലി ചോദിച്ചെന്ന് കൊവിഡ് രോഗി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം കളമശേരി മെഡിക്കൽ കോളേജിനെതിരെ പുറത്തുവന്നിരിക്കുന്നു. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി ബൈഹക്കി സഹോദരന് അയച്ച ഓഡിയോ സന്ദേശമാണ് വീണ്ടു വിവാദത്തിനു കൂടി കാരണമായിരിക്കുന്നത്.
മികച്ച ചികിത്സ കിട്ടണമെങ്കിൽ 40,000 രൂപ കൈക്കൂലി നൽകണമെന്നാണ് ബൈഹക്കി ബന്ധുക്കൾക്ക് അയച്ച സന്ദേശം. കൊവിഡ് ബാധിതനായ ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് മാറ്റിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്. ഈ ആരോപണം കളമശേരി മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചിരിക്കുകയാണ്. അതേസമയം, കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ചതുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നതായി ജൂനിയർ ഡോ. നജ്മ സലീം പ്രതികരിച്ചിട്ടുണ്ട്. തന്റെ ആരോപണത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന ആരോപണമാണ് ഡോക്ടർ നിഷേധിച്ചിരിക്കുന്നത്. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. പൂർണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. നജ്മ സലീം പറഞ്ഞു.
പത്ര മാധ്യമങ്ങൾക്ക് മുന്നിൽ താൻ ഇക്കാര്യം വെളിപ്പെടുത്തും മുൻപ് ആശുപത്രിയിലെ അനാസ്ഥയെ പറ്റി ആർഎംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ ആയി അയച്ചിരുന്നതാണ്. അതിൽ കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന് ശേഷം ആർഎംഒയോ സൂപ്രണ്ടോ അതേപ്പറ്റി തന്നോട് ഒരക്ഷരം ചോദിച്ചില്ല. ഇതിന്റെ പേരിൽ എന്തെങ്കിലും നടപടി ഉണ്ടായാൽ അതിനെ ഭയക്കുന്നില്ലെന്നും നജ്മ സലീം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപെട്ടിരിക്കുകയാണ്. ആശുപത്രിയിലെ ഡോക്ടർമാരുടെയും,മറ്റു ജീവനക്കാരുടേയും മൊഴി പോലീസ് എടുക്കുണ്ട്.