കേരളം പ്രളയത്തിന്റെ ദുരിതഭീതിയില്‍
കൊച്ചി: കാലം തെറ്റിപ്പെയ്യുന്ന കൊലപ്പെയ്ത്തില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. മൂന്നു വര്‍ഷം മുന്‍പ് കാടും തോടുമെല്ലാം ഒന്നായ സമയത്തെ ഇപ്പോള്‍ അനുസ്മരിക്കുന്നു. 2018ല്‍ തെക്കന്‍ കേരളത്തെ ആകമാനം ദുരിതപ്പെയ്ത്ത് വിഴുങ്ങിയപ്പോള്‍ 2019ല്‍ അത് മലബാറിലേക്ക് എത്തി. കലിതുള്ളിപ്പെയ്ത അമിതവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുകള്‍ കവര്‍ന്നെടുത്തത് നിരവധി ജീവനുകളും ജീവിതങ്ങളുമാണ്.
ഇപ്പോള്‍ കലിതുള്ളിയെത്തിയിരിക്കുന്ന പേമാരി ഇതുവരെ കവര്‍ന്നത് എട്ടു ജീവനുകള്‍. നിരവധി പേരെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വീടും കടയുമെല്ലാം നഷ്ടമായി. ഇനിയുമൊരു ദുരന്തം അഭിമുഖീകരിക്കാന്‍ കേരളത്തിന് ആവതില്ല. ശക്തമായ ഇടിമിന്നലോടുകൂടിയ മഴ ഇനിയും കേരളത്തിലുണ്ടാവുമെന്ന മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിക്കഴിഞ്ഞു. ഉരുള്‍പൊട്ടലിനുള്ള സാധ്യതകള്‍ ഏറെയാണ്.
രണ്ട് പ്രളയദുരിതങ്ങളെ നേരിട്ട കേരളം മൂന്നാമതൊന്നുകൂടി അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്. പ്രകൃതിയെ ദ്രോഹിക്കുന്നതില്‍ ഒട്ടും ലോപം കാണിക്കാത്ത കേരളീയര്‍ ഇപ്പോള്‍ ശപിക്കുന്നത് പ്രകൃതിയെ തന്നെയാണ്. മലയോരമേഖലകളിലെ കൈയേറ്റത്തിനെതിരെ രംഗത്തുവന്ന ഗാഡ്ഗിലിനെ ഇപ്പോള്‍ യാഥാസ്ഥിതിക മലയാളി ഓര്‍ത്തെടുക്കുകയാണ്. കുടിയേറിയും കൈയേറിയും പശ്ചിമഘട്ടത്തെ മുഴുവന്‍ നശിപ്പിച്ചവര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ അണിനിരന്നു.
പ്രകൃതി ദുരന്തങ്ങള്‍ വന്ന് നേരിടുന്നതിനേക്കാള്‍ വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട ആവശ്യകത മലയാളികളോട് ഗാഡ്ഗില്‍ പറഞ്ഞുതന്നു. എന്നാല്‍ കേരളം മുതല്‍ ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിനെ സംരക്ഷിക്കാന്‍ ഞങ്ങളില്ലെങ്കിലും ബാക്കിയുള്ളവരുണ്ടെന്ന ആശ്വാസത്തില്‍ മലയാളി മലകളെ നശിപ്പിച്ചു. മരങ്ങള്‍ വെട്ടിമാറ്റി. കാടുകള്‍ കൈയേറി റബറും ഏലവും കഞ്ചാവും വരെ കൃഷി ചെയ്തു. ആരാധാനാലയങ്ങള്‍ കെട്ടിപ്പൊക്കി. ആധുനിക സൗകര്യങ്ങളുള്ള വിശ്രമമന്ദിരങ്ങള്‍ പണിതുയര്‍ത്തി. സൂര്യപ്രകാശം കടന്നുചെല്ലാത്തിടത്ത് കോണ്‍ക്രീറ്റ് കാടുകള്‍ പിടിപ്പിച്ചു.
മലകള്‍ തുരന്ന് വേണ്ടതെല്ലാം കവര്‍ന്നെടുത്തു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ ഈ നാടിന്റെ ശത്രുക്കളായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതില്‍ തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുന്നത് തമിഴ്നാട്, കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതില്‍ തന്നെ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്.
ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളെടുത്താല്‍ അതില്‍ മുന്‍നിരയിലാണ് പശ്ചിമഘട്ടത്തിന്റെ സ്ഥാനം. എങ്കിലും ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും മലയാളികള്‍ ഇപ്പോഴും വികസനവിരോധികളായി മുദ്രകുത്തുകയാണ്. പ്രളയം കണ്‍മുന്നില്‍ നില്‍ക്കുമ്പോഴെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചുനോക്കാനെങ്കിലും മലയാളികള്‍ തയാറാകണം. ഇനിയുമൊരു തുടര്‍ദുരന്തം താങ്ങാതെയിരിക്കാന്‍ സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മുന്‍കൈയെടുക്കണം.