നെയ്യാറ്റിൻകര സംഭവം,കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.

തിരുവനന്തപുരം / കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. നെയ്യാറ്റിൻകരയിൽ കുടി ഒഴിപ്പിക്കൽ നടപടികൾക്കിടെ പോലീസിന്റെ തെറ്റായ ഇടപെടലിനെ തുടർന്ന് ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് കേരള സൈബർ വാരിയേഴ്‌സ് പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ സൈബർ വാരിയേഴ്സ് തന്നെ ഹാക്കിങ് വിവരം പുറത്തുവിടുകയായിരുന്നു.
കേരള സൈബര്‍ വാരിയേഴ്സിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,
മൃദുവായ പെരുമാറ്റം, ദൃഢമായ കർമങ്ങൾ’ എന്ന് അർത്ഥമാക്കുന്ന ‘മൃദു ഭാവെ, ദൃഢ കൃത്യെ’ എന്ന സംസ്കൃത വാക്യം ആണ് കേരള പൊലീസ് സേനയുടെ ആപ്തവാക്യം. ഈ ആപ്‌ത വാക്യങ്ങളിൽ ആദ്യ വാക്യം തീർത്തും നിഷ്പ്രഭമാക്കിയിട്ടു പൊലീസ് എന്നത് കിരാത വാഴ്ചയുടെ ഓർമപ്പെടുത്തൽ ആണ് അന്നും ഇന്നും.
അധികാര വർഗ്ഗത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും താല്പര്യ സംരക്ഷകരായിട്ടാണ് പൊലീസ് എന്നും വർത്തിക്കുന്നത്. ജനങ്ങളുടെ ഭാഗമായി ജനങ്ങൾക്കുവേണ്ടി ജനങ്ങളോടൊത്ത് പ്രവർത്തിച്ച് ക്രമസമാധാനം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ പൊലീസ്, സ്വന്തം അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞു വെണ്ണീർ ആയപ്പോൾ ആ കുട്ടികളുടെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെ കുഴിമാടം വെട്ടുന്ന മകനോടു ചോദിക്കുകയും പറയുകയും ചെയ്യുന്ന വാചകങ്ങളുടെ രീതി തികച്ചും ക്രൂരതയാണ്. പ്രതിഷേധം ഉയരേണ്ടതാണ്. ഒരായുസ്സ് മുഴുവൻ വേട്ടയാടപ്പെടാൻ പോകുന്ന കാഴ്ചകൾ ആണ് ഇനി അവർ നേരിടാൻ പോകുന്നത്.