

കേരളത്തിൽ ബുധനാഴ്ച 151 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്.
മലപ്പുറം – 34 , കണ്ണൂര്‍ – 27 , തൃശൂര്‍ – 18 , പാലക്കാട് – 17 , എറണാകുളം – 12 , കാസര്‍ഗോഡ് – 10 , ആലപ്പുഴ – 8 , പത്തനംതിട്ട – 6 , കോഴിക്കോട് – 6 , തിരുവനന്തപുരം – 4 , കോട്ടയം – 4 , കൊല്ലം – 3 , വയനാട് – 3 , ഇടുക്കി – 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം – 21 , തൃശൂര്‍ – 16 , കാസര്‍ഗോഡ് – 16 , കോഴിക്കോട് – 15 , കണ്ണൂര്‍ – 13 , മലപ്പുറം – 12 , പാലക്കാട് – 11 , ആലപ്പുഴ – 9 , കോട്ടയം – 6 , പത്തനംതിട്ട – 5 , തിരുവനന്തപുരം – 3 , ഇടുക്കി – 2 , വയനാട് – 2 , എറണാകുളം – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ജൂണ്‍ 27 ന് ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ പരിശോധന ഫലം പോസിറ്റീവായി. 2130 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 4593 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,87,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2831 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 390 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകളാണ് പരിശോധിച്ചത്.
ഡോക്ടേഴ്‌സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആരംഭിച്ചത്. ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറ എന്ന് മുഖ്യൻ പറഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തും ജീവൻ ബലികൊടുത്താണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചു. എന്നാൽ സമ്പർക്കവും മരണവും വലുതായി വർധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്‌ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും – മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ബി സി റോയിയുടെ ജന്മദിനമാണ് ഇന്ത്യയിൽ ഡോക്ടേർസ് ദിനം. മനുഷ്യരാശിയുടെ രക്ഷയ്ക്ക് ആത്മാർപ്പണം ചെയ്യുന്നവരാണ് ഈ ദിവസം ആദരിക്കപ്പെടുന്നത്. കേരളത്തിന്റെ ആരോഗ്യ സംവിധാനം ലോകനിലവാരത്തിലേക്ക് എത്തുന്നതിൽ ഡോക്‌ടർമാരുടെ പങ്ക് വലുതാണ്.
സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടർച്ചയായി രണ്ട് തവണ കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയിൽ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഈ ചട്ടം മാറ്റി, ഒരു തവണ കോവിഡ് നെഗറ്റീവായാൽത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തിൽ അസുഖം മൂർച്ഛിക്കുന്ന സ്ഥിതി വന്നാൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ.
പാലക്കാട് ജില്ലയിൽ 283 പേർ ചികിത്സയിൽ
കോവിഡ് 19 മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ നിലവില്‍ 283 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച ജില്ലയില്‍ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ബുധനാഴ്ച 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 529 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 36 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 244 പേർ രോഗമുക്തി നേടി. പുതുതായി 857 സാമ്പിളുകളും അയച്ചു.
ഇതുവരെ 60156 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ബുധനാഴ്ച മാത്രം 674 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11291 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
Post Your Comments