

മുഖ്യമന്ത്രി പിണറായി വിജയനും ചിഫ് ജസ്റ്റിസ് എസ് മണികുമാറും ചേർന്ന് ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്‌ത 17 അതിവേഗ പോക്സോ കോടതികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. കേന്ദ്ര ‐ സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമകാര്യ വകുപ്പാണ് മുൻകൈയ്യെടുത്തത്.
ബലാത്സംഗ കേസുകൾ 2 മാസത്തിനകവും പോക്സോ കേസുകൾ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന നിയമ വ്യവസ്ഥ ഉണ്ടെങ്കിലും കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കകയും ജഡ്‌ജിമാരുടെയും ജീവനക്കാരുടെയും പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുകയും ചെയ്തിരിക്കുന്നത്.
14 ജില്ലകളിലായി 28 അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഇതിൽ 17 കോടതികളാണ് ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വർഷത്തിൽ 165 കേസുകൾ തീർപ്പുകൽപ്പിക്കണമെന്ന ലക്ഷ്യമിട്ടാണ് അതിവേഗ പോക്സോ കോടതികൾ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ പുതിയ കോടതികൾ സ്ഥാപിക്കാൻ 21 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം നീക്കിവച്ചത്. ആറ്റിങ്ങൽ, കരുനാഗപ്പള്ളി, പത്തനംതിട്ട, ഹരിപ്പാട്, കോട്ടയം, ചങ്ങനാശ്ശേരി, പൈനാവ്, കട്ടപ്പന, പെരുമ്പാവൂർ, കുന്ദംകുളം, പട്ടാമ്പി, പെരുന്തൽമണ്ണ, കോഴിക്കോട്, കൊയിലാണ്ടി, കൽപ്പറ്റ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് കോടതികൾ പ്രവർത്തനം ആരംഭിച്ചത്.
Post Your Comments