രാജ്യത്താകെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു, കർശന നിർദേശവുമായി സംസ്ഥാന സർക്കാരും.
NewsKeralaNationalLocal News

രാജ്യത്താകെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു, കർശന നിർദേശവുമായി സംസ്ഥാന സർക്കാരും.

തിരുവനന്തപുരം /രാജ്യത്ത് ആകമാനം കോവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറച്ചു കൊണ്ട് കേദ്ര ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയതിനെ തുടർന്ന്, സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്19 പരിശോധനകൾക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതനുസരിച്ച് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റിന് 1500 രൂപ, എക്സ്‌പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആർടിലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും, ആശുപത്രികൾക്കും കൊവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കൊവിഡ്19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആർടിപിസിആർ (ഓപ്പൺ) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്സ്‌പേർട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തിൽ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻ എക്സ്‌പേർട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് ഒക്‌ടോബർ മാസത്തിൽ നിരക്ക് കുറച്ചത്. മത്സരാധിഷ്‌ഠിത വിലയ്‌ക്ക് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ ഐസിഎംആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകൾ വീണ്ടും കുറച്ചതെന്നും മാതൃ അറിയിച്ചു.
/റിലീസ്/

Related Articles

Post Your Comments

Back to top button