Latest NewsNationalNews

സംസ്ഥാനങ്ങൾക്ക് 12000 കോടി വായ്പ,കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത;

ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ മാന്ദ്യത്തിൽനിന്ന് കരകയറുന്നതിന്റെ ഭാഗമായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഉൽപ്പന്നങ്ങളുടെ ആവശ്യകത വർധിപ്പിക്കാൻ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുൻകൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചത്. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി കാഷ് വൗച്ചർ സ്‌കീം അവതരിപ്പിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽടിസി കാഷ് വൗച്ചർ സ്‌കീമിനായി 5,675 കോടിയാണ് നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വർഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്.

പരിഷ്‌കരിച്ച അവധിയാത്രാബത്ത അനുസരിച്ച് ലീവ് എൻക്യാഷ്മെന്റ് തുകയും ടിക്കറ്റ് നിരക്കിന് മൂന്ന് മടങ്ങുളള തുകയും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കാം. 12 ശതമാനം ജിഎസ്ടിയുടെ പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനാണ് അനുവദിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. പലിശരഹിത ഉത്സവബത്തയായി പതിനായിരം രൂപയാണ് മുൻകൂറായി നൽകുക. ഒറ്റത്തവണയുളള ഈ ആനുകൂല്യം പത്ത് തവണകളായി തിരിച്ചടച്ചാൽ മതി. പ്രീപെയ്ഡ് റുപേ കാർഡിന്റെ രൂപത്തിലാണ് പണം നൽകുക. വരാനിരിക്കുന്ന ഉത്സവസീസണിൽ ഉപഭോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങൾ. മാർച്ച് 31നകം തുക ചെലവഴിക്കണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button