

എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്തർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളിയും ഗുണ്ടാത്തലവനുമായ വികാസ് ദുബെയെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ ക്ഷേത്രത്തിൽ നിന്നും വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ യുപി പൊലീസ് വകവരുത്തിയിരുന്നു.
ഒരാഴ്ച മുൻപ് കാൺപൂരിൽ തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി യിരുന്നു. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരാണ് അന്ന് കൊല്ലപ്പെട്ടത്. വികാസ് ദുബെയുടെ അനുയായികളായ രൺബീർ, പൊലീസ് കസ്റ്റഡയിലുണ്ടായിരുന്ന പ്രഭാത് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറ്റാവയിൽ പൊലീസ് സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിനൊടുവിലാണ് രൺബീർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും പിസ്റ്റലും, ഡബിൽ ബാരൽ ഗൺ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
റിമാൻഡിലായിരുന്ന പ്രഭാത് മിശ്ര, ഫരീദാബാദിൽ നിന്നും കാൻപുരിലേക്ക് വരുന്ന വഴിയുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെടുന്നത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് വഴിമധ്യേ വാഹനത്തിന്‍റെ ടയർ പഞ്ചറായി. ഇത് ശരിയാക്കുന്നതിനിടെ പ്രഭാത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിൽ നടന്ന വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം.രൺബീറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നതാണ്.
Post Your Comments