

ഒരു രാജ്യത്തെ നിയമം എല്ലാ ജനങ്ങൾക്കും ഒരു പോലെയാണോ. നിയമം എന്നത് രാജ്യത്ത് എല്ലാവർക്കും ഒരു പോലെയാണെന്നും, ഒരുപോലെ ആവണമെന്നുമാണ് രാജ്യത്തെ എല്ലാ പൗരന്മാരും ആഗ്രഹിക്കുന്നത്. പക്ഷെ കേരളത്തിൽ അങ്ങനെയല്ല സർക്കാരിന്റെ മുന്നിൽ ഇവിടെ പലതരം പൗരന്മാരാണ് ഉള്ളതെന്ന് പറയേണ്ടിയിരിക്കുന്നു. സാധാരണക്കാരനെന്ന ദരിദ്രവാസിയെയും, പണവും സ്വാധീനവും ഉള്ളവനെയും കേരള മണ്ണിൽ രണ്ടായി തന്നെയാണ് കാണുന്നത്. ഇല്ലെന്നു പറയാൻ സംസ്ഥാന മുഖ്യമന്ത്രിക്കോ മുഖ്യന്റെ പാർട്ടിക്കോ കഴിയില്ല. മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സംസ്ഥാന സർക്കാർ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നല്‍കിയത് തന്നെയാണ് ഇതിനു മുഖ്യ ഉദാഹരണവും. തെളിവും.

മോഹൻലാൽ ഒരു നല്ല നടനാണ് കേരളം കണ്ട മികച്ച നടൻ എന്ന് തന്നെ പറയാം. എന്ന് കരുതി ഒരു സുപ്രഭാതത്തിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമപ്രകാരം മോഹൻ ലാലിനെതിരെ എടുത്ത കേസുകൾ ഇല്ലാതാക്കുന്നതും, പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ അറിയിക്കുന്നതും, എന്തുകൊണ്ടാണെന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്.
കേരളത്തിലെ ഒരു സിനിമ താരത്തിനും, ഒരു സാധാരണ പൗരനും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിൽ രണ്ടു തരം നിയമം എഴുതി വെച്ചിട്ടില്ല. പിന്നെങ്ങനെ സംസ്ഥാന സർക്കാർ മോഹൻലാലിനെ കേസിൽ നിന്നും രക്ഷിക്കാൻ പരസ്യമായി രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി തൊണ്ടിമുതലില്ലാതെ ഫയൽ ചെയ്യപ്പെടുന്ന കേസാണിത്. ലാലിന്റെ സ്വന്തമെന്നു പറയുന്ന ആന കൊമ്പുകൾ തൃശൂർ സ്വദേശി കൃഷ്ണകുമാരിൽ നിന്നും വാങ്ങിയതാണെന്നതിനു എല്ലാ തെളിവുകളും ലഭ്യമാണ്. ഇപ്പോഴും കേസിലെ തോണ്ടി മുതൽ മോഹൻലാലിന്റെ വീട്ടിലുമാണ്. പച്ചയായ വന്യമൃഗ സംരക്ഷണ നിയമത്തിലെ ചട്ട വട്ടങ്ങളുടെ, നഗ്‌നമായ ലംഘനമാണ് നടന്നതെന്നും, കേസ് കോടതിയിൽ വിചാരണക്കെത്തിയാൽ പ്രതിസ്ഥാനത്തു ലാൽ അല്ല ആരായാലും, ശിക്ഷ ലഭിക്കുമെന്നത് ഉറപ്പായ സാഹചര്യത്തിലാണ് സർക്കാർ രക്ഷക്കെത്തിയിരിക്കുന്നത്.
കേരളത്തിലെ സാമാന്യ ജനം തറയും, പറയും, പഠിച്ചവരാണെന്നും, ചോറ് തന്നെയാണ് കഴിക്കുന്നതെന്നും മുഖ്യനും, വനം മന്ത്രിക്കും, ഒരൽപം ചിന്തിക്കാമായിരുന്നു. വന്യജീവി സംരക്ഷണ മേഖലയോട് ചേർന്ന് കിടക്കുന്ന, വയനാട്, ഇടുക്കി ജില്ലകളിലടക്കം വൈൽഡ് ലൈഫ് ആക്ട് പ്രകാരം എടുക്കപെട്ട കേസ്സുകളിൽ ആദിവാസികളടക്കം നിരവധി പേർ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. നിരപരാധികളായ നിരവധിപേർ കേസുകളിൽ കുടുക്കപ്പെട്ടിട്ടുണ്ട്. ബഹു ഭൂരിപക്ഷവും, തെളിവുകൾ പോലും ഇല്ലാത്ത കേസുകളാണ് അവ. ആ കേസുകളിൽപെട്ട ഒരു പാവപ്പെട്ടവന്റെ കേസ് പിൻ വലിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടുണ്ടോ. ഇല്ല, അവർ പാവങ്ങളാണ്, പണമില്ലാത്തവരാണ്, താരമല്ല, ഉന്നതങ്ങളിൽ സ്വാധീനവുമില്ല.
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്നാണ് മോഹൻ ലാലിനെതിരെയുള്ള കേസ്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് പിന്‍വലിക്കാന്‍ സർക്കാർ അനുമതി തേടിയിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസ് പിന്‍വലിക്കുവാനായി മോഹന്‍ലാല്‍ നേരത്തെ അപേക്ഷകള്‍ നല്‍കിയിരുന്നു. 2016 ജനുവരി 31നും 2019 സെപ്തംബര്‍ 20നുമായിരുന്നു അപേക്ഷകള്‍ നല്‍കിയത്. 2019 ഓഗസ്റ്റില്‍ ചീഫ് വൈല്‍ഡ് വാര്‍ഡനും കേസ് സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഇപ്പോഴുള്ള വിവരം.
2012ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കേസ് രജിസ്റ്റർ ചെയ്യാൻ ഏഴു വർഷക്കാലം എടുത്തു. ഏഴുവര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ കാര്യത്തിൽ മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായിട്ടായിരുന്നു വനംവകുപ്പ് നിലപാടെടുത്ത്. എന്നാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ ഒടുവില്‍ വനംവകുപ്പ് ചുമത്തിയിരുന്നത്. തൊണ്ടിമുതല്‍ ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സത്യത്തിൽ ലാൽ താരമായത് കൊണ്ടാണ് സംസ്ഥാന സർക്കാർ കേസിൽ നിന്നും രക്ഷയേകി ഊരിക്കൊടുക്കുന്നത്. പണത്തിനു മേൽ പരുന്തും പറക്കില്ലെന്നൊരു പഴമൊഴി ഉണ്ട്. അതാണ് ശരി. ഇവിടെ താരത്തിന് മേൽ പരുന്തും പറക്കില്ലെന്നു മാറ്റി എഴുതാം. കാരണം ജനം എല്ലാം വിഡ്ഢിക ളാണല്ലോ, ജനത്തെ മുഴുവൻ വിഡ്ഢികളാക്കുകയാണല്ലോ.
വള്ളിക്കീഴൻ
Post Your Comments