News

മരണത്തിന്റെയും ജീവിതത്തിന്റെയും നൂൽപാലത്തിൽ മറ്റൊരാൾക്ക് വേണ്ടി സഹായം ചോദിച്ച് സീമ ജി നായർ വിളിച്ചു, നന്ദു മഹാദേവ

കാൻസറിനെതിരെ പോരാടി ജീവിക്കുന്ന വ്യക്തിയാണ് നന്ദു മഹാദേവ. നടി സീമ ജി നായർ രണ്ട് ക്യാൻസർ രോഗികൾക്ക് ട്രസ്റ്റിന്റെ സഹായം വാങ്ങി നൽകുന്ന കാര്യം പറഞ്ഞ് വിളിച്ച അനുഭവം പറയുകയാണ് നന്ദു.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്.

നന്ദുവിന്റെ കുറിപ്പിന്റെ പൂർണരൂപം

ആശുപത്രി കിടക്കയിൽ ഇരുന്നു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെയാണ് സീമ ചേച്ചി എന്നെ വിളിച്ചത്.എന്തിനെന്നല്ലേ.ബുദ്ധിമുട്ടനുഭവിക്കുന്ന ഏതെങ്കിലും രണ്ട് ക്യാൻസർ രോഗികൾക്ക് ഒരു ട്രസ്റ്റിന്റെ സഹായം വാങ്ങി നൽകുന്ന കാര്യം പറയാൻ വേണ്ടി.ഏറ്റവും അർഹതയുള്ള രണ്ടുപേർക്ക് തന്നെ അത് കിട്ടുന്നതിനുള്ള കാര്യങ്ങൾ നമ്മൾ ചെയ്തു കൊടുക്കുകയും ചെയ്തു.എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല..കൊറോണയുടെ ആക്രമണത്തിൽ ICU വരെ പോയി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലം കടന്നുവന്നശേഷം പൂർണ്ണമായും വിശ്രമിക്കേണ്ട സമയത്ത് മറ്റൊരാളെ സഹായിക്കാൻ വേണ്ടി ഉയർന്ന ആ ശബ്ദത്തിൽ നിന്ന് അപ്പോഴും ക്ഷീണം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കുന്ന ചേച്ചി ഇപ്രാവശ്യവും ആരോഗ്യമില്ലാത്ത ശരീരത്തോടെ ചിരിച്ചു തന്നെ സംസാരിക്കാൻ ബുദ്ധിമുട്ടി ശ്രമിക്കുന്നത് ഞാനറിഞ്ഞു..

ഇത്ര വേദനാജനകമായ ഒരവസ്ഥയിൽ ഇരുന്നിട്ട് കൂടി മറ്റൊരാളെ സഹായിക്കാൻ കാണിക്കുന്ന ആ സ്‌നേഹ മനസ്സ് എത്രയോ ഉയരെയാണ്..ഇടയ്‌ക്കൊക്കെ പരസ്പരം വിളിച്ചു വിശേഷങ്ങൾ അന്വേഷിക്കാറുണ്ടെങ്കിലും ഈ ഒരു വിളി എന്നെ ഞെട്ടിച്ചു.അത്രമേൽ സ്‌നേഹമുള്ള ഒരു മനസ്സോടെ വേദനിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ടാകാം ഇത്രയേറെപ്പേർ ചേച്ചിയേ സ്‌നേഹം കൊണ്ട് മൂടുന്നത്.ഒന്നു കാലിടറിയപ്പോൾ പ്രാർത്ഥനയുമായി പതിനായിരങ്ങൾ കൂടെ നിന്നത്..കഴിയുന്നവരെയൊക്കെ ഓടി നടന്നു സഹായിക്കുന്ന ‘അമ്മ മനസ്സാണ് സീമചേച്ചിയ്ക്ക്.എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് വന്ന് ഒരു മാലാഖയെ പോലെ ഒത്തിരി ജീവിതങ്ങളിൽ വെളിച്ചം പകരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.ന്റെ പൊന്നു ചേച്ചീ കൊറേ കൊറേ ഇഷ്ടത്തോടെ കുഞ്ഞനിയൻ.ഒപ്പം അതേ ഇഷ്ടത്തോടെ ആശംസകളോടെ എന്റെ ചങ്കുകളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button