Local News

589 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വപദവിയിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപനം നിർവഹിച്ചു

501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ളോക്ക് പഞ്ചായത്തുകളും ശുചിത്വപദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ശുചിത്വം എന്നത് നാടിന്റെ പ്രാഥമിക ചുമതലയാണെന്നത് എല്ലാ തദ്ദേശസ്ഥാപനങ്ങളും മനസിൽവെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലയളവിൽതന്നെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും ശുചിത്വപദവിയിലും ഭൂരിഭാഗം തദ്ദേശസ്ഥാനങ്ങളെയും സമ്പൂർണ ശുചിത്വപദവിയിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ ഒട്ടേറെ ചുമതലകൾ നിർവഹിക്കുന്നവരാണ് തദ്ദേശസ്ഥാപനങ്ങൾ. എന്നാൽ, തങ്ങളുടെ അതിർത്തിയെ മാലിന്യമുക്തമാക്കി നിർത്തുകയെന്നതാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രാഥമിക ചുമതല.

ഒരു നാടിന്റെ വികസനനിലവാരം അളക്കാനുള്ള പ്രധാനമാർഗമാണ് ശുചിത്വം. നമ്മൾ എത്ര വികസിച്ചു എന്നുപറഞ്ഞാലും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ വന്നാൽ അത് വികസനത്തിന് ഏൽക്കുന്ന തിരിച്ചടി തന്നെയാണ്. അതുപോലെത്തന്നെ, എത്ര സംസ്‌കാരസമ്പ രാണെന്ന് പറഞ്ഞാലും സാംസ്‌കാരികനിലവാരം അളക്കാവുന്ന പ്രധാന മാനദണ്ഡവും ശുചിത്വം തന്നെയാണ്.മലയാളികൾ വ്യക്തിശുചിത്വത്തിൽ തത്പരരാണെങ്കിലും ചുറ്റുമുള്ള പ്രദേശത്ത് മാലിന്യം കുന്നുകൂടുന്ന അവസ്ഥയായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് നമ്മുടെ നാടിന്റെ ശുചീകരണം ഉറപ്പുവരുത്തുക, എല്ലായിടവും വൃത്തിയായിരിക്കുക, വിവിധ ജലസ്രോതസുകളിലെ വെള്ളം ശുദ്ധമായിരിക്കുക, കിണറുകൾ, കുളങ്ങൾ തുടങ്ങിയവ ശുചിയായിരിക്കുക തുടങ്ങിയവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ നാടിന്റെയാകെ സഹകരണത്തോടെ നടപ്പിലാക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. അതിന് മുൻകൈയെടുക്കാനാണ് ഹരിതകേരളം മിഷൻ രൂപീകരിക്കുന്നത്. ഹരിതകേരളം മിഷൻ വഴി ലക്ഷ്യമിട്ടതിൽ പ്രധാനപ്പെട്ടത് പൂർണതയിലെത്തുന്നതിന്റെ ചാരിതാർഥ്യത്തിലാണ് നമ്മൾ.

ഖരമാലിന്യസംസ്‌കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയ തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി നൽകുക, തുടർന്ന് ദ്രവ മാലിന്യം ഉൾപ്പെടെ സമ്പൂർണ മാലിന്യ സംസ്‌കരണങ്ങൾ ഒരുക്കുന്ന മുറയ്ക്ക് സമ്പൂർണ ശുചിത്വ പദവി നൽകുക എന്നതായിരുന്നു സർക്കാർ തീരുമാനിച്ചത്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 250 തദ്ദേശസ്ഥാപനങ്ങളെ ആദ്യഘട്ടത്തിൽ ശുചിത്വപദവിയിലേക്ക് എത്തിക്കാനായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, അതിലുമിരട്ടി തദ്ദേശസ്ഥാപനങ്ങളെ ഈ പദവിയിൽ എത്തിക്കാനായത് വലിയ കാര്യമാണ്.
നമ്മുടെ കാമ്പയിന്റെ ഭാഗമായി വലിയ മാറ്റം നാട്ടിലാകെ വന്നത് യാഥാർഥ്യമാണ്. അതിൽ തദ്ദേശസ്ഥാപനങ്ങൾ ക്രിയാത്മകമായ പങ്കുവഹിച്ചുവെന്നതും വസ്തുതയാണ്. ശുദ്ധമായ മണ്ണ്, വെള്ളം, വായു എന്നിവ ഉറപ്പാക്കാനും സുരക്ഷിത ഭക്ഷണവും ജൈവകൃഷിയും ഉറപ്പാക്കുകയുമായിരുന്നു ഹരിതകേരള മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇവയിൽ വലിയൊരു പങ്ക് നേടിയെടുക്കാനും നല്ല അവബോധം സൃഷ്ടിക്കാനുമായിട്ടുണ്ട്. നാട്ടുകാർ തന്നെ സ്വയമേവ മുന്നോട്ടുവന്ന് നദികളും ജലസ്രോതസ്സുകളും വീണ്ടെടുത്തതും ഇതിന്റെ ഭാഗമാണ്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജലഗുണ പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നതിനു തുടക്കമായതും നെല്ല്, പച്ചക്കറി കൃഷികൾ വലിയതോതിൽ വർധിപ്പിക്കാനായത് ഒക്കെ ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങളുടെയും അതുമൂലമുണ്ടായ അവബോധത്തിന്റെ ഭാഗമായാണ്. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയും അംഗീകാരവുമായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി നൽകുന്നത്.

സർക്കാർ അധികാരത്തിൽ വരുമ്പോൾ ജൈവ-അജൈവ മാലിന്യങ്ങളും ഇ-മാലിന്യങ്ങളും കൈകാര്യം ചെയ്യാൻ സമഗ്ര പദ്ധതി സംസ്ഥാനത്തുണ്ടായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാന ദൗത്യം തന്നെയാണ് സർക്കാർ ഏറ്റെടുത്തത്. വിവിധ മാലിന്യ സംസ്‌കരണരീതികൾ അതിന്റെ ഭാഗമായി ഹരിതകേരളം മിഷൻ വഴി നടപ്പാക്കാനായി. ഉറവിട മാലിന്യ സംസ്‌കരണം, തുമ്പൂർമുഴി മോഡൽ, ഏറോബിക് കമ്പോസ്റ്റിംഗ്, ജൈവമാലിന്യങ്ങൾ വളമാക്കുന്ന യൂണിറ്റുകൾ ഇവയെല്ലാം ഇതിൽ ചിലതാണ്.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹരിതകർമസേനകളും രൂപീകരിച്ചിരുന്നു. 850 ഗ്രാമപഞ്ചായത്തുകൾ, 88 നഗരസഭകൾ എന്നിവിടങ്ങളിൽ ഹരിതകർമസേനയുടെ 1551 സംരംഭക ഗ്രൂപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരംതിരിച്ച് പുനഃചംക്രമണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന ശൃംഖല പൂർത്തിയായതോടെ അവൈ മാലിന്യ പ്രശ്നത്തിനും വലിയ അളവിൽ പരിഹാരമായി. ക്ലീൻ കേരള ഇ-മാലിന്യ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചിലയിനം മാലിന്യങ്ങൾ സംസ്‌കരിക്കാൻ കേന്ദ്രീകൃത സംസ്‌കരണ പ്ലാൻറുകൾ വേണം.

മാലിന്യസംസ്‌കരണത്തിൽ സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നത് ശ്ളാഘനീയമായ കാര്യമാണ്. മാലിന്യസംസ്‌കരണം സാമൂഹ്യ ഉത്തരവാദിത്തമായി ഏറ്റെടുത്തതിനാലാണ് കൂടുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഈ നേട്ടം കൈവരിക്കാനായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ: ടി.എൻ. സീമ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ- വാതക മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളുൾപ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവർത്തികമാക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ശുചിത്വ പദവി നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ പകുതിയിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവർത്തികമാക്കപ്പെടുകയാണ്.

ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. 100 ൽ 60 മാർക്കിനു മുകളിൽ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അർഹത നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button