കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ലോക്ഡൗണ്‍ ലംഘനം; കേസെടുത്ത് പോലീസ്
പാലക്കാട്: ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍ എം എല്‍ എ വി ടി ബല്‍റാം, പാളയം പ്രദീപ് തുടങ്ങിയവര്‍ക്കെതിരെ കസമ്പ പോലീസാണ് കേസെടുത്തത്.
ആലത്തൂര്‍ എം. പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക്ക്ഡൗണ്‍ ലംഘിക്കുകയും ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്ത യുവാവ് പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.ഇതോടെ ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇവര്‍ക്കെതിരെ കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ആലത്തൂര്‍ എം. പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നതിനിടെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
ഭക്ഷണം കഴിക്കാന്‍ വന്നതല്ലെന്നും പാഴ്‌സല്‍ വാങ്ങാന്‍ വന്നതാണെന്നും മഴ കാരണം ഹോട്ടലില്‍ ഇരുന്നതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം യുവാവ് തന്റെ കൈയ്യില്‍ പിടിച്ചതിനാലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.