സ്ട്രക്ചറിന് കാത്ത് നില്‍ക്കാതെ കൈയ്യില്‍ കോരിയെടുത്ത് ഓടി, ഓമനക്കുട്ടനാണ് ഇപ്പോള്‍ ഹീറോ

ലോകത്ത് എന്തൊക്കെ തിന്മകള് അഴിഞ്ഞാടുമ്പോഴും നന്മയുടെ ഉറവ വറ്റാത്ത ചില ജീവനുകള്‍ ഇപ്പാഴും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരാളാണ് ഓമനക്കുട്ടന്. ജനുവരി 18നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 54കാരിയായ കോഴിക്കോട് വടകര സ്വദേശിനി അനിത എന്ന യാത്രക്കാരിക്ക് നെഞ്ചുവേദനയുണ്ടായതായി റെയില്‍വേ പാസഞ്ചേഴ്സ് എമര്‍ജന്‍സി നമ്പറായ 182ല്‍ സന്ദേശം ലഭിക്കുന്നത്.
ബോഗിക്കരുകില്‍ ഓടിയെത്തിയ ഓമനക്കുട്ടന്റെ കൈകളിലേക്ക് കുഴഞ്ഞവീണ ഇവരെ സ്ട്രെക്ചറിന് കാത്തുനില്‍ക്കാതെ കോരിയെടുത്ത് ഓടുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. കൃത്യസമയത്ത് അടിയന്തര ഇടപെടല്‍ നടത്തി ഒരു ജീവന് രക്ഷിച്ച ഓമനക്കുട്ടനെ ഡി.ആര്.എം അഭിനന്ദിക്കുകയും 4000 രൂപ അനുവദിക്കുകയും ചെയ്തു.
യാത്രക്കാരിയെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച കറ്റാനം സ്വദേശിയായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ എം.എസ്. ഓമനക്കുട്ടന് അഭിനന്ദന പ്രവാ ഹമാണ്.ഇത് കൂടുതല്‍ ഉത്തരവാദിത്തബോധവും അംഗീകാരവുമായി താന്‍ കരുതുന്നതായി ഓമനക്കുട്ടന് വ്യക്തമാക്കുന്നു. അനിതയുടെ ബന്ധുക്കളും മക്കളും വിളിച്ചിരുന്നതായും ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അനിത സുഖമായിട്ട് ഇരിക്കുന്നതായും അറിയിച്ചതായി ഓമനക്കുട്ടന് പറയുന്നു. ഭാര്യ സുബി, മക്കളായ ഗായത്രി, ഗോപിക, ഗോകുല്‍ എന്നിവരടങ്ങുന്നതാണ് കുടുംബം