Kerala NewsLatest NewsNews

ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ മലയാളി മാത്രം ബാക്കി

കൊച്ചി: കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളീയര്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുകയാണ്. നിപ്പ, ഓഖി, പ്രളയം, കോവിഡ്, ഇപ്പോള്‍ വീണ്ടും പ്രളയം. കേരളത്തില്‍ മാത്രം ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന കാര്യം ഭരണാധികാരികള്‍ നോക്കാന്‍ ശ്രമിക്കുന്നില്ല. ഒഡീഷയും ആന്ധ്രയും തമിഴ്‌നാടുമെല്ലാം പ്രകൃതിദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നതില്‍ ഒട്ടും പിറകിലല്ല. ദുരന്തങ്ങള്‍ വന്നാല്‍ മാത്രം അതിലേക്കു നോക്കുന്ന മലയാളി അടുത്ത ദുരന്തം വരുമോ എന്ന് ആലോചിക്കുക പോലുമില്ല.

2018ല്‍ പ്രളയം വന്നപ്പോള്‍ അതെങ്ങിനെ നേരിടാമെന്നു പഠിക്കാന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തി. മൂന്നുവര്‍ഷമായിട്ടും വിദേശത്തു നിന്നും പഠിച്ചെടുത്ത കാര്യം കേരളത്തില്‍ നടപ്പായില്ല. ആകെ നടന്നത് പ്രളയത്തെ നേരിടുന്നത് പഠിക്കാന്‍ പോയ നെതര്‍ലന്‍ഡ്‌സ് പ്രളയത്തില്‍ മുങ്ങി എന്നതുമാത്രമാണ്. ഓരോ ദുരന്തവും ഓരോ അവസരമാണെന്നു നമ്മെ പറഞ്ഞു പഠിപ്പിച്ചതു സര്‍ക്കാരും ഈ മേഖലയിലെ വിദഗ്ധരുമാണ്. ഈ അവസരങ്ങള്‍ ഭാവിയിലെ ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള പാഠങ്ങളാക്കി മാറ്റാന്‍ നമുക്കു കഴിഞ്ഞില്ലെന്നാണു തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തങ്ങളും മരണങ്ങളും തെളിയിക്കുന്നത്. ദുരന്തനിവാരണം എന്നതു ദുരന്തങ്ങളുണ്ടായശേഷം നടത്തുന്ന രക്ഷാപ്രവര്‍ത്തനം മാത്രമല്ല, ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ മുന്നൊരുക്കങ്ങള്‍ നടത്തല്‍ കൂടിയാണ്. ഇത് മറക്കുകയാണ് കേരളവും സര്‍ക്കാരും.

കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയതുകൊണ്ടു മാത്രം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഇപ്പോള്‍ ഇടുക്കിയിലും കോട്ടയത്തുമുണ്ടായ ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാനോ മുന്നറിയിപ്പുകള്‍ നല്‍കാനോ സ്വകാര്യ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളും സഹായകമായില്ല. 2018ലെ പ്രളയത്തില്‍ പുഴകളില്‍ അടിഞ്ഞുകൂടിയ എക്കലും മാലിന്യവും നീക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പായില്ല. അണക്കെട്ടുകളിലെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ ചെളിയും മണലും നീക്കാനുള്ള പദ്ധതി തുടക്കത്തില്‍ തന്നെ അഴിമതിയില്‍ക്കുളിച്ചതോടെ മുടങ്ങി.

2018ലെ ആദ്യ പ്രളയത്തിനുശേഷം 31,000 കോടി രൂപയുടെ പുനര്‍നിര്‍മാണ പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടത്. സര്‍ക്കാരിന്റെ ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ ഭരണാനുമതി നല്‍കിയ പദ്ധതികള്‍ 7803.95 കോടിയുടേതു മാത്രം. മൂന്നു വര്‍ഷത്തിനിടെ ആകെ ചെലവഴിച്ചത് 627.87 കോടി രൂപയും. ബാക്കിയുള്ള പദ്ധതികള്‍ എന്നു തുടങ്ങുമെന്നോ എപ്പോള്‍ തീരുമെന്നോ വ്യക്തതയില്ല. ലോക ബാങ്കിന്റെ വികസനനയ വായ്പയുടെ ഒന്നാം ഗഡു 1779.58 കോടി രൂപ വകമാറ്റി ശമ്പളവിതരണത്തിന് ഉപയോഗിച്ചതു വലിയ വിവാദമായിരുന്നു. രണ്ടാംഘട്ട വായ്പ പണി പൂര്‍ത്തിയായ ശേഷം നല്‍കിയാല്‍ മതിയെന്നു ലോകബാങ്ക് തീരുമാനിച്ചത് ഇതിനു പിന്നാലെയാണ്. സ്വകാര്യ കെട്ടിടത്തിലെ റീബില്‍ഡ് കേരള ഓഫിസില്‍ സൗകര്യങ്ങളൊരുക്കാന്‍മാത്രം 50.90 ലക്ഷം രൂപ ചെലവഴിച്ചതും ആരോപണങ്ങള്‍ക്കു വഴിവച്ചു.

പ്രളയബാധിതര്‍ക്കു നല്‍കാന്‍ അനുവദിച്ച തുക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റിലായത് എറണാകുളത്താണ്. പ്രളയ സെസിലൂടെ 1,750 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം കൊണ്ട് സമാഹരിച്ചു. സെസിന്റെ മറവില്‍ കച്ചവടക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചത് കോടികളാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷം നല്‍കിയ 2904 കോടി രൂപ ചെലവഴിച്ചില്ലെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ തന്നെ ഉയര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതു നിഷേധിച്ചെങ്കിലും 2019ലെ പ്രളയസഹായവിതരണത്തെവരെ ഇതു ബാധിച്ചു. മഹാപ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്കു 4,765.27 കോടി രൂപയാണു ലഭിച്ചതെന്നും ഇതില്‍ 2,630.68 കോടി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ അറിയിച്ചിരുന്നു. ബാക്കി തുക എന്തു ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതിന്റെ പുതിയ കണക്കുകള്‍ ലഭ്യമല്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര വിതരണം പോലും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2017ലെ ഓഖി മുതലുള്ള ദുരന്തങ്ങളിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കവളപ്പാറ, പുത്തുമല, പെട്ടിമുടി ഉരുള്‍പൊട്ടലുകള്‍ക്ക് ഇരയായവരില്‍ പലരും ഇപ്പോഴും ദുരിതത്തിലാണ്. കവളപ്പാറയില്‍ വീടു നഷ്ടമായ 23 ആദിവാസി കുടുംബങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. 16 കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇപ്പോഴും എന്തും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന ആത്മവിശ്വാസത്തോടെയുള്ള വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ മാത്രമാണ് മലയാളിക്ക് ലഭിക്കുന്നത്.

ന്യൂനമര്‍ദം രൂപപ്പെടുമ്പോഴുണ്ടാകുന്ന അതിവര്‍ഷം പശ്ചിമഘട്ടമേഖലയില്‍ മരണം വിതയ്ക്കുമ്പോള്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ വേണ്ടി മാത്രം ഒരു സംവിധാനം ജനങ്ങളുടെ ചിലവില്‍ പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്ന ചോദ്യം പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളം ആരു ഭരിച്ചാലും ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് മലയാളികള്‍ എന്ന് ആണയിടുകയാണ് ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button