പാലാ തങ്കം അന്തരിച്ചു.
MovieNewsKeralaMusicNationalEntertainmentLocal NewsObituary

പാലാ തങ്കം അന്തരിച്ചു.

പത്തനാപുരം / ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം പത്തനാപുരം ഗാന്ധിഭവനിൽ അന്തരിച്ചു. 80 വയസായിരുന്നു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്ന പാലാ തങ്കം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പിന്നീട് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ചെറുപ്പകാലത്ത് പുലിയന്നുര്‍ വിജയന്‍ ഭാഗവതരിൽ നിന്നും പിന്നീട് ചങ്ങനാശ്ശേരി എല്‍.പി.ആര്‍ വര്‍മ്മയിൽ നിന്നും സംഗീതം അഭ്യസിച്ചു. സത്യന്‍ അഭിനയിച്ച കെടാവിളക്ക് എന്ന ചിത്രത്തില്‍ താമര മലര് പോല്‍, തെക്ക് പാട്ടിന്‍ എന്നിങ്ങനെ രണ്ട് പാട്ടുകള്‍ പാടി. അതിനായി മദ്രാസിലെത്തിയ തങ്കത്തിന് അവിചാരിതമായി സത്യനോടൊപ്പം ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചെങ്കിലും ആ ചിത്രം പുറത്ത് വന്നില്ല.

സീത എന്ന ചിത്രത്തില്‍ കുശലകുമാരിക്ക് ശബ്ദം നല്‍കിക്കൊണ്ടായിരുന്നു പിന്നീട് സിനിമയിലേക്കുള്ള പ്രവേശം. നായിക കഥാപാത്രങ്ങള്‍, കുട്ടികള്‍, വയസ്സായ സ്ത്രീകള്‍, പക്ഷിമൃഗാദികള്‍ തുടങ്ങി, ചില ചിത്രങ്ങളിലെ ഒരു സീനിലെ മൂന്നും നാലും കഥാപാത്രങ്ങള്‍ക്കു വരെ അവര്‍ ശബ്ദം നല്‍കി. ശിക്ഷ എന്ന ചിത്രത്തില്‍ സാധനയ്ക്ക് ശബ്ദം നല്‍കി. പതിനാലാം വയസില്‍ നാടകത്തിലെത്തിയ തങ്കം ആദ്യമായി എന്‍.എന്‍ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിക്കുന്നത്. കേരള പൊലീസിൽ എസ്.ഐ ആയിരുന്ന ഭർത്താവ് ശ്രീധരൻ തമ്പി 25 വർഷം മുമ്പ് അപകടത്തിൽ മരിച്ചു. പരേതയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് അമ്പിളി ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.

Related Articles

Post Your Comments

Back to top button