ഐ ടി വിദഗ്ധർ തിരുവനന്തപുരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ആയി പിടിയിലായി.
NewsKeralaNationalLocal NewsCrime

ഐ ടി വിദഗ്ധർ തിരുവനന്തപുരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ആയി പിടിയിലായി.

തിരുവനന്തപുരം/ വിവാഹ സല്‍ക്കാരത്തിന്റെ പേരിൽ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ ഐ ടി വിദഗ്ധർ തിരുവനന്തപുരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ആയി പോലീസ് പിടിയിലായി. സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി അയാള്‍ എടുത്ത് നല്‍കിയ ഹോംസ്റ്റേയിൽ ഒത്തു ചേര്‍ന്ന് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ നാലുപേരാണ് അറസ്റ്റിലായത്.

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പൂജപ്പുര സ്വദേശി നന്ദു (21), കൊച്ചുവേളി സ്വദേശി അര്‍ജ്ജുന്‍ (28), ജഗതി സ്വദേശി കിരണ്‍ (32), ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ വഞ്ചിയൂര്‍ സ്വദേശി തമ്പി എന്ന് വിളിക്കുന്ന വിഷ്ണു (25) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വളരെ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാൽ പോലും കൂടുതല്‍ സമയം ലഹരി ലഭിക്കുന്ന മാരകമയക്കുമരുന്ന് ആയ എംഡിഎംഎ ഇവരില്‍ നിന്നും 297 മില്ലിഗ്രാമും കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടുകൂടി മണ്ണന്തല എസ്‌ഐ ഗോപിചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോം സ്റ്റേയിൽ നിന്ന് പ്രതികള്‍ പിടിയിലാവുന്നത്.

പ്രൊബേഷന്‍ എസ്‌ഐ സജിത് സജീവ്, എഎസ്‌ഐ മനോജ്, സിപിഒ അജീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നാര്‍ക്കോട്ടിക് സെല്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയലിന്റെ നേതൃത്വത്തിലുളള ടീം കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്.

Related Articles

Post Your Comments

Back to top button