പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽപ്പെട്ട് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽപ്പെട്ട് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥയിലും ഞായറാഴ്ച രാവിലെ 8 മണിക്ക് സ്നിഫർ നായകളെ ഉപയോഗിച്ച് ആരംഭിച്ച തിരച്ചിലിനിടയിലാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനായത്. പ്രത്യേക പരിശീലനം ലഭിച്ച സ്നിഫർ നായകളെ ഉപയോഗിച്ച് പാറക്കെട്ടുകൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. 2019 ൽ വയനാട്ടിലെ പുത്തുമലയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ സ്നിഫർ നായകളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നതാണ്. ഇതോടെ 28 മൃതദേഹങ്ങൾ കണ്ടെടുത്തു. ശക്തമായ മഴയും മഞ്ഞും തണുപ്പും തിരച്ചിലിനെ ബാധിക്കുന്നുണ്ടെങ്കിലും ദ്രുത കർമ്മ സേന, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവർ എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് യന്ത്രസഹായത്തോടെ തിരച്ചിൽ നടത്തി വരുകയാണ്. കേന്ദ്ര മന്ത്രി വി.മുരളീധരൻ, വനം മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സ്ഥലം സന്ദർശിക്കുകയുണ്ടായി.