അസം അക്രമത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അസമിലുണ്ടായ അക്രമങ്ങള്‍ക്കു പിന്നല് പോപ്പുലര്‍ ഫ്രണ്ടെന്ന് റിപ്പോര്‍ട്ട്. സിപാഝാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയെ പോലീസിനെതിരെ നാട്ടുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഈ അക്രമത്തിനു പ്രേരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് അസം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അക്രമത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകളും അസം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വാഗ്ദാനത്തിന് പകരമായി കഴിഞ്ഞ മൂന്നു മാസത്തിനകം കൈയേറ്റക്കാരില്‍ നിന്ന് 28 ലക്ഷം രൂപ പോപ്പുലര്‍ഫ്രണ്ട് വാങ്ങി.
ഒഴിപ്പിക്കല്‍ തടയുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് പോലീസിനെതിരെ അക്രമം ആരംഭിച്ചതെന്ന് ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു. അറുപത് കുടുംബങ്ങളെയാണ് സിപാഝാറില്‍ നിന്ന് ഒഴിപ്പിക്കേണ്ടത്. എന്നാല്‍ ഒഴിപ്പിക്കല്‍ തടയാനെന്ന പേരില്‍ അവിടെ തടിച്ചുകൂടിയത് പതിനായിരത്തിലധികം പേരാണ്. അസമിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ആധിപത്യം ചെലുത്താനും ജനസംഖ്യാവിസ്ഫോടനത്തിന് വഴിയൊരുക്കാനും ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി കൈയേറിയ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ജനക്കൂട്ടത്തെ ഇളക്കിവിട്ട് പോലീസിനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് പോപ്പുലര്‍ഫ്രണ്ട് ചെയ്യുന്നത്. അക്രമത്തിന് സൂത്രധാരന്മാരായവരെ കണ്ടെത്തിയിട്ടുണ്ട്. ഒരു കോളേജ് അധ്യാപകനടക്കം ആറംഗ സംഘമാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അസമിലെ നാല് ലക്ഷം ഹെക്ടര്‍ വനപ്രദേശം ഇക്കൂട്ടര്‍ കൈയേറിയിട്ടുണ്ട്. അസമിലെ 33 ജില്ലകളില്‍ പതിനഞ്ചിലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ആധിപത്യം പുലര്‍ത്തുകയും ഇവിടങ്ങളില്‍ നിയമവിരുദ്ധമായി ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.