ഇതൊരു ബഡായി ബജറ്റ്, ബജറ്റിനെ കളിയാക്കി പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റും അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ഒട്ടുമിക്ക മേഖലയിലും ക്ഷേമം കൊണ്ടു വരാനുള്ള ശ്രമമായി കണക്കാക്കാം. എന്നാല്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്ജറ്റാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തകര്‍ച്ചയിലുളള കേരളത്തിന്റെ സാമ്ബത്തികനില മെച്ചപ്പെടുത്താനുളള ഒരു ക്രിയാത്മക നിര്‍ദ്ദേശവും ബഡ്ജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കൊവിഡ് കാലത്ത് ജനങ്ങളിലേക്ക് കൂടുതല്‍ പണമെത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ ചെയ്തില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ റബ്ബറിന്റെ താങ്ങുവില 150 ആയി പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞ് ഈ സര്‍ക്കാര്‍ 20 രൂപ വര്‍ദ്ധിപ്പിച്ചു. ഇത് 250 രൂപയാക്കേണ്ടതായിരുന്നു. 20 രൂപ മാത്രം വര്‍ദ്ധിപ്പിച്ചത് അവരോടുളള അവഹേളനമാണെന്നും ചെന്നിത്തല പറഞ്ഞു. ഈസി ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കില്‍ ഇരുപത്തിയൊന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഇരുപത്തെട്ടാമതാണ്. മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് പ്രഖ്യാപിച്ച ഫണ്ട് എവിടെ നിന്നാണ് സംസ്ഥാനം കണ്ടെത്തുകയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും നടപ്പായില്ല. 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും പിന്നെ കണ്ടതേയില്ല. പ്രഖ്യാപിക്കുന്നതല്ലാതെ ഒരു രൂപ പോലും പദ്ധതിയ്ക്ക് അനുവദിക്കുന്നില്ല. മത്സ്യ തൊഴിലാളികള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ വകയായി ഒരു രൂപ പോലും അവര്‍ക്ക് ലഭിച്ചില്ല. ഇപ്പോള്‍ 1700 കോടിയുടെ മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അവരെ കബളിപ്പിക്കുകയാണ്. എല്ലാ വീട്ടിലും ലാപ്ടോപ് എന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ചെന്നിത്തല ആരോപിച്ചു.