യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ന്യൂഡൽഹി / യുകെയിൽ നിന്ന് എത്തിയവരിൽ വകഭേദം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വകഭേദം സംഭവിച്ച കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച യുകെയിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. യുകെയിൽ നിന്ന് വിമാനത്തിൽ കയറുന്ന എല്ലാവരുടെയും പക്കൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇക്കാര്യം വിമാനക്കമ്പനി അധികൃതർ പരിശോധിച്ച് ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിക്കുന്നു. യുകെയിൽ നിന്നുള്ളവർ യാത്രയ്‌ക്ക് 72 മണിക്കൂർ മുൻപ് ഓൺലൈനായി സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. യാത്രക്കാരുടെ സഹായത്തിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഹെൽപ് ഡെസ്‌ക് ആരംഭിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
യുകെയിൽ നിന്ന് ഇന്ത്യയിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരും സ്വന്തം ചെലവിൽ ആർടി – പിസിആർ പരിശോധന നടത്തിയിരിക്കണം. പരിശോധനയിൽ നെഗറ്റീവ് ആണ് ഫലം ലഭിക്കുന്നതെങ്കിൽ പോലും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. മറ്റ് ഉത്തരവുകളില്ലെങ്കിൽ ജനുവരി 30 വരെയാണ് എസ്ഒപിയുടെ പ്രാബല്യം. യുകെയിൽ നിന്ന് എത്തിയവരിൽ വകഭേദം സംഭവിച്ച വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് എത്തിയ കൂടുതൽ പേരിൽ നിലവിൽ പരിശോധന തുടരുകയാണ്. കൊവിഡ് വാക്‌സിൻ വിതരണത്തിന് രാജ്യം തയ്യാറെടുക്കുമ്പോഴാണ് പുതിയ വൈറസ് ഭീഷണിയായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ കർശന നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാൻ ഇരിക്കെയാണ് സർക്കാർ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും ആരംഭിക്കുന്നതായി വെള്ളിയാഴ്‌ചയാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജനുവരി എട്ട് മുതൽ നിയന്ത്രിതമായി വിമാന സർവീസുകൾ പുനഃരാംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ജനുവരി എട്ട് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇതനുസരിച്ച് ആരംഭിക്കും. ജനുവരി 23വരെ ആഴ്‌ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് ഉണ്ടാവൂ. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമാകും സർവീസ് ഉണ്ടാവുക. ഫ്ലൈറ്റുകൾ പുറപ്പെടുന്ന സമയക്രമം അടക്കമുള്ള വിവരങ്ങൾ വ്യോയാന അതോറിറ്റി തുടർന്ന് അറിയിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. രാജ്യാന്തര വിമാനയാത്രക്കാർ നിലവിൽ 14 ദിവസത്തെ യാത്ര രേഖകൾ കൈവശം സൂക്ഷിക്കണം. ഈ ദിവസങ്ങളിൽ യാത്രകൾ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുകയും വേണം. ഇത് കൂടാതെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും നൽകേണ്ടതുണ്ട്.