Kerala NewsLatest News

സന്ദീപിന്റെ മൊഴിയിൽ ആരൊക്കെ കുടുങ്ങും

സന്ദീപിനെ ഭയക്കുന്നതാര്? രഹസ്യമൊഴിയിൽ പ്രമുഖർ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരെ കേരള രാഷ്ട്രീയത്തിൽ ആരാണ് ഭയക്കുന്നത്. ആരുടെയൊക്കെ ഭാവിയാണ് സന്ദീപ് നായരുടെ രഹസ്യമൊഴിയിൽ തുലാസിലാവുന്നത്.. ഏതായാലും അവർ ചില്ലറക്കാരല്ലെന്ന് വ്യക്തമാണ്. രഹസ്യമൊഴിയെ തുടർന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം വേണമെന്നുമുള്ള എൻഐഎ പ്രത്യേക കോടതിയോടുള്ള സന്ദീപിൻ്റെ ബോധിപ്പിക്കൽ സൂചിപ്പിക്കുന്നത് പിന്നിലെ വൻ ശക്തികളെ തന്നെയാണ്.ജയിലിനുള്ളിൽ വെച്ച് തന്നെ ആക്രമിക്കാനും വകവരുത്താനും സാധ്യതയുണ്ടെന്നും വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു മാറ്റണമെന്നും പരാതിയിൽ പറയുന്നു.രഹസ്യമൊഴി കേസിൽ വഴിത്തിരിവ് സമ്മാനിച്ചുവെങ്കിലും സന്ദീപിനെ സംബന്ധിച്ച് കാര്യങ്ങൾ അത്ര പന്തിയല്ല.

സ്വർണക്കടത്തു കേസിൽ സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള നിയമസാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ ശ്രമത്തിന് ചുവടുപിടിച്ച് മറ്റ് മൂന്ന് പ്രതികൾ കൂടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകാൻ ശ്രമിക്കുന്നുണ്ട്. ഇതുവഴി കേസിൽ കൂടുതൽ മാപ്പ് സാക്ഷികൾ ഉണ്ടാകുമെന്നാണ് അന്വേഷണസംഘത്തിൻ്റെ പ്രതീക്ഷ. ഇത് കേസിന് ഗുണകരമാകുമെന്നതിനാൽ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. ഒപ്പം പ്രതികളായ മുസ്തഫ, അബ്ദുൽ അസീസ് എന്നിവർ കുറ്റസമ്മതമൊഴി നൽകിയതായി എൻഐഎ കോടതിയെ അറിയിച്ചു.

മാപ്പുസാക്ഷികൾ കൂടിയാൽ ഉള്ള തിരിച്ചടികൾ ഭീകരമായതിനാലാവണം സന്ദീപ് നായർക്കെതിരെ തന്നെ ഇപ്പോൾ വധഭീഷണി ഉണ്ടായിരിക്കുന്നത്.സ്വർണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികൾക്കൊപ്പം വിയ്യൂർ ജയിലിൽ തുടരാനാകില്ലെന്നും ജയിൽ മാറ്റം വേണമെന്നും സന്ദീപ് എൻഐഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.പ്രതികളായ പി.ടി അബ്ദു, കെ.ടി ഷറഫുദ്ദീൻ, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി. കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്ന അപേക്ഷയും നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ അന്വേഷണംപൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ 180 ദിവസം വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാം എന്നാണ് നിയമം. കസ്റ്റഡി 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലും തിങ്കളാഴ്ച കോടതി വിധി പറയും.

അതേസമയം ഇരുപത്തിയാറര ലക്ഷം രൂപ മാത്രമാണ് തന്റെ സമ്പാദ്യമെന്ന് മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. 19.5 സെന്റ് സ്ഥലവും വീടുമാണ് മന്ത്രിക്കുള്ളത്. കാനറ ബാങ്ക് വളാഞ്ചേരി ശാഖയിലെ അഞ്ചുലക്ഷം രൂപയുടെ ഹോം ലോണുണ്ട്. സ്വർണാഭരങ്ങൾ കുടുംബാംഗങ്ങൾക്ക് പോലും ഇല്ല. മലപ്പുറം ജില്ലയിലെ രണ്ട് കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകളുണ്ട്. 1.50 ലക്ഷം രൂപയിൽ താഴെവരുന്ന ഫർണിച്ചറുകളും 1500 പുസ്തകങ്ങളും വീട്ടിലുണ്ട്. ഭാര്യയുടെ 27 വർഷത്തെ ശമ്പള സമ്പദ്യമായി 22 ലക്ഷം രൂപ. തന്റെ സമ്ബാദ്യം 4.5 ലക്ഷം രൂപയുമാണ്. കഴിഞ്ഞ നാലര വർഷത്തിനിടെ ആറുതവണ വിദേശയാത്ര നടത്തി രണ്ടുതവണ യുഎഇയിലും ഓരോതവണ വീതം റഷ്യ, അമേരിക്ക, മാലിദ്വീപ്, ഖത്തർ എന്നിവിടങ്ങളും സന്ദർശിച്ചു എന്നിങ്ങനെയാണ് മന്ത്രി വിശദീകരണം നൽകിയത്.
ഇത്തരം വിശദീകരണവും സന്ദീപ് നായരുടെ രഹസ്യമൊഴിയും ചേർത്ത് വായിക്കേണ്ടതുണ്ട്. തലയൂരാനായി പ്രമുഖർ ശ്രമിക്കുമ്പോൾ അവരുടെയൊക്കെ തലക്ക് മുകളിൽ തുങ്ങുന്ന ഡമോക്ലസിൻ്റെ വാളായി മാറിയിരിക്കുകയാണ് സന്ദീപിൻ്റെ രഹസ്യമൊഴി..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button