സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

തിരുവനന്തപുരം / ഒൻപത് മാസക്കാലത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. സ്കൂളുകളിൽ ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 17 മുതൽ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാർഥികൾ എന്ന നിലയിലാണ് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളെ ബാച്ചുകളായി സ്കൂളുകളിലെത്തിക്കുക. പത്താം ക്ലാസിൽ 4.25 ലക്ഷം വിദ്യാർഥികളും രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 3.84 ലക്ഷവും വിഎച്ച്എസ്ഇയിൽ 28,000 വിദ്യാർഥികളുമാണ് സ്കൂളുകളിലെത്തുക. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കൂ. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25 ശതമാനം കുട്ടികളെ മാത്രം അനുവദിക്കണമെന്നാണ് നിർദേശം.