ജോജുവിനെതിരെ തിരിഞ്ഞാല്‍ അടിയുറപ്പെന്ന് സംസ്ഥാന ഇന്റലിന്‍ജന്‍സ്
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയാല്‍ ഡിവൈഎഫ്‌ഐ പ്രതിരോധിക്കും. ജോജുവിനെ മാളയില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോജുവിനെ തടഞ്ഞാല്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ല സെക്രട്ടറി പി.ബി. അനൂപ് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ അനൂപിനുണ്ട്. ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയോടെ യൂത്ത് കോണ്‍ഗ്രസ് ജോജുവിനെ തടഞ്ഞാല്‍ അടി നടക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ജോജുവിന്റെ മാളയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചില്‍ ജോജുവിനെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. നിലവില്‍ ജോജുവിന്റെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണെന്നും വഴിതടയല്‍ സമരത്തോട് പ്രതികരിച്ചുവെന്നതിന്റെ പേരില്‍ ജോജുവിനെ സ്വന്തം നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലന്നുമാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോജുവിന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുമെന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധമായ നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്കും ഡിവൈഎഫ്‌ഐ നേതൃത്വം കൈമാറിയിട്ടുണ്ട്.