ഗൂഗിൾ പേയെ പ്ലേസ്റ്റോറിൽ കാണാനില്ല.

ജനപ്രിയമായ യുപിഐ പണമിടപാട് ആപ്പുകളിൽ പ്രധാനിയായ ഗൂഗിൾ പേ യെ പ്ലേസ്റ്റോറിൽ കാണാനില്ല. ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യാനായി തിരഞ്ഞവരാണ് വിവരം ആദ്യം പുറത്ത് വിടുന്നത്. ഗൂഗിൾ പേയ്ക്കായി തിരഞ്ഞാൽ വാണിജ്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഗൂഗിൾ പേ ബിസിനസ് ആപ്പ് മാത്രമാണ് പ്ലേ സ്റ്റോറിൽ ലഭിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മൊബൈൽ വേർഷനിൽ നിന്നാണ് ആപ്പ് കാണാതായിരിക്കുന്നത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ഡൗൺലോഡ് ചെയ്യാനാകും. ട്വിറ്ററിലൂടെ നിരവധി പേരാണ് ആപ്പ് കാണാനില്ലെന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നാണ് പ്രശ്നം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഒരു ആഴ്ചയായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച പോലെ നടക്കുന്നില്ല. ബാങ്ക് സര്‍വറുമായി കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് പണം അയക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. പലരും അപ്‌ഡേറ്റ് ചെയ്‌തെങ്കിലും പരാതി പരിഹരിക്കാതെ തുടരുകയാണ്. ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിൾ പേയെ വ്യത്യസ്തമാക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഗൂഗിൾ പേ ഇന്ത്യ ട്വീറ്റ് ചെയ്തു.