HealthKerala NewsLatest News

സൗജന്യ ചികിത്സ അവസാനിപ്പിച്ചു; കോവിഡാനാന്തര ചികിത്സക്ക്​ ഇനി സര്‍ക്കാര്‍ ആശുപത്രികളിലും പണമടക്കണം

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സക്ക്​ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക്​ ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിട്ടുണ്ട്​. ബ്ളാക്ക് ഫംഗസ് ചികില്‍സയടക്കമുള്ളവക്ക്​ നിരക്ക് ബാധകമാണ്​.

സംസ്ഥാനത്ത് കോവിഡാനന്തര ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ഇനി മുതല്‍ കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബി.പി.എല്‍ കാര്‍ഡുകാര്‍ക്കും മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. കോവിഡാനന്തര ചികിത്സക്ക്​ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സക്കുന്നവര്‍ ജനറല്‍ വാര്‍ഡില്‍ ദിനംപ്രതി 750 രൂപയും, എച്ച്‌.ഡി.യുവില്‍ 1250 രൂപയും, ഐ.സി.സി.യുവില്‍ 1500 രൂപയും, വെന്‍റിലേറ്റര്‍ ഐ.സി.യുവില്‍ 2000 രൂപയും വീതം അടക്കണം.

കോവിഡിനെ തുടര്‍ന്ന്​ ചിലരില്‍ കാണുന്ന ബ്ലാക്ക്​ ഫംഗസ്​ എന്ന മ്യൂക്കോര്‍മൈക്കോസിസ്​ അടക്കമുള്ള രോഗങ്ങളുടെ ചികിത്സക്കും ഇനി പണം അടക്കണം. ശസ്ത്രക്രിയയ്ക്ക് 4800 രൂപ മുതല്‍ 27500 രൂപവരെ വിവിധ വിഭാഗങ്ങളില്‍ ഈടാക്കും.

സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചു. 2645 രൂപ മുതല്‍ 2910 രൂപ വരെ വാര്‍ഡില്‍ ഈടാക്കാം. ഐസിയുവില്‍ ഇത് 7800 മുതല്‍ 8580 രൂപ വരെയാണ്​. വെന്‍റിലേറ്ററിന് 13800 രൂപ മുതല്‍ 15180 രൂപവരെയും ഈടാക്കാം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ​കോവിഡിന്​ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button