CinemaKerala NewsLatest NewsNews

ഭര്‍ത്താവിന്റെ ക്രൂരമുഖമറിഞ്ഞു,ജയറാം ചിത്രത്തിലെ നായിക മുങ്ങി മരിച്ചതിന് പിന്നില്‍ കാരണങ്ങളേറെ

ചാരുംമൂട് : കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് ബൊമ്മനഹള്ളി പൊലീസ് ഡിസംബര്‍ 29 ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ നാട്ടിലേയ്ക്കു തിരിച്ചു പോന്ന വിജയലക്ഷ്മിയെ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേയ്‌ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശേഷം ‘മരണച്ചിറ’ എന്നറിയപ്പെടുന്ന പുതുച്ചിറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരത തിരിച്ചറിഞ്ഞതാകാം ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പുതുച്ചിറക്കുളത്തില്‍ മുങ്ങി മരിച്ച യുവതി വിജയലക്ഷ്മി എന്ന ഉണ്ണിയാര്‍ച്ച 2019ല്‍ റിലീസായ നടന്‍ ജയറാം നായകനായ ‘പട്ടാഭിരാമന്‍’ എന്ന സിനിമയിലെ ജസീക്കയെ അവതരിപ്പിച്ച നടി. ഇതിനു പുറമേ ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപ് കൊലക്കേസില്‍ ജയിലിലായതാണ് ഇവരുടെ മരണത്തിനു പിന്നിലെന്നാണ് സൂചന.

ബെംഗളൂരുവില്‍ ബൊമ്മനഹള്ളിയിലെ മുനീശ്വരാ ലേഔട്ട്, കൊടിച്ചിക്കനഹള്ളിയില്‍ വീടിനോടു ചേര്‍ന്ന് ചെറിയ കട നടത്തിയിരുന്ന മലയാളിയായ നിര്‍മ്മല മേരിയെ(65) സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രദീപ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവരുടെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ ശേഷം പതിവായി നിരീക്ഷിച്ച് ആളില്ലാത്ത സമയം തിരിച്ചറിഞ്ഞ് വീട് വാടകയ്‌ക്കെടുക്കാന്‍ എന്ന പേരില്‍ സ്ഥലത്തെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.8 ഗ്രാം സ്വര്‍ണവും കടയിലെ പണവും പ്രദീപും സംഘവും തട്ടിയെടുത്തു. മോഷണം നടത്തി അവിടെ നിന്നു മുങ്ങി നാട്ടിലെത്തിയെങ്കിലും ബൊമ്മനഹള്ളി പൊലീസ് പിന്തുടര്‍ന്നെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് പ്രദീപ്. സംഭവത്തിനു പിന്നാലെ മക്കളുമായി നാട്ടിലെത്തുകയായിരുന്നു വിജയലക്ഷ്മി.

ബിസിനസുകാരനാണെന്ന് പറഞ്ഞ പ്രദീപ് ആഡംബരപ്രിയനുമായിരുന്നു. ഇതിനിടെ പലതവണ മോഷണക്കേസില്‍ കുടുങ്ങിയിട്ടും മക്കളെ ഓര്‍ത്ത് ഭര്‍ത്താവിനെ ഉപേക്ഷിക്കാതിരിക്കുകയായിരുന്നു. ഇതിനിടെ കായംകുളം, ഹരിപ്പാട്, കുറത്തികാട്, മാവേലിക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ 20 കേസുകളെങ്കിലും ഇയാളുടെ പേരില്‍ ഉണ്ടായി. നേരത്തെ കുവൈത്തില്‍ ജോലി ചെയ്യുമ്പോഴും പ്രദീപ് അവിടെ മോഷണക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ സമയം വിദ്യാര്‍ഥിനിയായിരുന്ന വിജയലക്ഷ്മിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്തി നല്‍കുകയായിരുന്നു.

നാട്ടില്‍ മോഷണം പതിവായതോടെയാണ് ബെംഗളൂരുവില്‍ ബിസിനസ് ചെയ്തു ജീവിക്കാമെന്നു പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടു പോയത്. അവിടെയും മോഷണം തുടരുകയും ഒപ്പം കൊലപാതകം കൂടി നടത്തിയതോടെയാണ് വിജയലക്ഷ്മി നാട്ടിലേയ്ക്കു തിരികെ പോരാന്‍ തീരുമാനിച്ചതെന്നാണ് സൂചന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button