വിവാഹിതരാകാതെ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 24 വർഷം; ഒടുവിൽ സ്വപ്നം യാഥാർഥ്യത്തിലേക്ക്

ആക്രി പെറുക്കി വിറ്റുള്ള ഉപജീവനത്തിനിടെ വിവാഹം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ച റോമൽ ബാസ്കോയും റൊസാലിൻ ഫെററും സ്വപ്നം യാഥാർഥ്യമാക്കി. ഇവരുടെ വിവാഹചിത്രങ്ങൾ ലോകത്തിന്റെ സ്നേഹം നേടി തരംഗം തീർക്കുകയാണ്. ഫിലിപ്പീൻസ് സ്വദേശികളായ റോമൽ ബാസ്കോയും (55) റൊസാലിൻ ഫെററും (50) ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 24 വർഷമായി. ഇവർക്ക് 6 മക്കളുമുണ്ട്.

റിച്ചാർഡ് സ്ട്രാൻഡ്സ് എന്ന ഹെയർസ്റ്റൈലിസ്റ്റ് ആണ് റൊസാലിന്റെയും റോമലിന്റെയും വിവാഹം നടത്തിയത്. തെരുവിൽ പ്ലാസ്റ്റിക് പെറുക്കുന്ന ദമ്പതികളെ യാദൃച്ഛികമായാണ് റിച്ചാർഡ് കാണുന്നത്. ഇവരെ പരിചയപ്പെടുകയും ദുരിത ജീവിതം മനസ്സിലാക്കുകയും ചെയ്തു. മനസ്സിൽ ഇപ്പോഴും സൂക്ഷിക്കുന്ന വിവാഹം എന്ന ഇവരുടെ ആഗ്രഹം കേട്ടപ്പോൾ ഒന്നു ശ്രമിച്ചു നോക്കാം എന്നായിരുന്നു റിച്ചാർഡിന്റെ തീരുമാനം. തുടർന്ന് തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വിവാഹത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്തു.
വിവാഹത്തിനുള്ള ലൈസൻസ് നേടിയശേഷം ഇവർക്കായി മനോഹരമായ വിവാഹവസ്ത്രം തയാറാക്കി. ഗംഭീരമായി ഒരു വെഡ്ഡിങ് ഷൂട്ടും നടത്തി. പള്ളിയിൽവെച്ച് വിവാഹം നടത്താൻ ആവശ്യമായ കാര്യങ്ങളെല്ലാം റിച്ചാർഡ് പൂർത്തിയാക്കിയിട്ടുണ്ട്.