മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ മരണം ചികിത്സ കിട്ടാതെ, അഞ്ച് മണിക്കൂറോളം കാത്തിരുന്നിട്ടും ആശുപത്രി കിടക്ക കിട്ടിയില്ല
മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹിയുടെ മരണം ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അശോക് അമ്രോഹി കിടക്ക ലഭിക്കുന്നതിനായി അഞ്ച് മണിക്കൂറോളമാണ് കാത്തിരുന്നത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കാത്തിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 27ന് അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ബ്രൂണെയ്, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു അശോക് അമ്രോഹി.
കഴിഞ്ഞയാഴ്ചയാണ് അമ്രോഹി കോവിഡ് ബാധിതനായതെന്ന് ഭാര്യ യാമിനിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അശോകിന്റെ സ്ഥിതി വഷളായതോടെ, ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിലേക്ക് വിളിച്ചു. രാത്രി എട്ട് മണിയോടെ കിടക്ക ലഭ്യമാകുമെന്ന് അറിയിച്ചു. കിടക്കയുടെ നമ്ബറും ലഭിച്ചു. അതിനാല്‍ ഏഴരയോടെ ആശുപത്രിയിലെത്തി.
കോവിഡ് പരിശോധനയ്ക്കായി ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മകന്‍ ക്യൂവില്‍ നിന്നെങ്കിലും നടപടികള്‍ വൈകി. പലതവണ കരഞ്ഞ് യാചിച്ചിട്ടും ആരും ശ്രദ്ധിച്ചില്ല. ഈ സമയമത്രയും അവശനിലയില്‍ കാറില്‍ തന്നെയായിരുന്നു അദ്ദേഹം.
വൈകി ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസം രൂക്ഷമായതോടെ മാസ്‌ക് വലിച്ചെറിഞ്ഞു. സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായി. അര്‍ധരാത്രിയോടെ കാറിനുള്ളില്‍ തന്നെ മരണം സംഭവിച്ചു. കാറിനുള്ളില്‍ വന്ന് നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. അഡ്മിഷന്‍ ശരിയായാല്‍ വന്ന് നോക്കാമെന്നതായിരുന്നു ഡോക്ടര്‍മാരുടെ മറുപടിയെന്നും യാമിനി ആരോപിക്കുന്നു