Kerala NewsLatest NewsNewsPolitics

375 വോട്ടുകള്‍ എണ്ണിയില്ലെന്ന്​; പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി കോടതിയിലേക്ക്​

മലപ്പുറം: 38 വോട്ടിന്​ യൂത്ത്​ ലീഗ്​ നേതാവ്​ നജീബ്​ കാന്തപുരത്തിനോട്​ അടിയറവ്​ പറഞ്ഞ പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി കെ.പി. മുഹമ്മദ്​ മുസ്​തഫ നിയമപോരാട്ടത്തിന്​.

പ്രായമായവരുടെ വിഭാഗത്തില്‍പെട്ടുന്ന 375 വോട്ടുകള്‍ എണ്ണിയില്ലെന്ന പരാതിയുമായാണ്​ അദ്ദേഹം കോടതിയെ സമീപിക്കുന്നത്​. കവറിന്​ പുറത്ത്​ സീല്‍ ഇല്ലെന്നായിരുന്നു എണ്ണാതിരിക്കാനുള്ള ഉദ്യോഗസ്​ഥരുടെ വിശദീകരണം. സീല്‍ ചെയ്യേണ്ടത്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ഉദ്യോഗസ്​ഥരാണ്​. ഇവര്‍ മനഃപൂര്‍വം സീല്‍ ചെയ്യാതിരുന്നതാണോയെന്ന്​ സംശയമുണ്ടെന്നും മുസ്​തഫ ആരോപിക്കുന്നു.

അങ്ങേയറ്റം വാശിയേറിയ മത്സരത്തില്‍ അവസാനനിമിഷമാണ്​ മുസ്​തഫ പരാജയപ്പെടുന്നത്​. ഒരുഘട്ടത്തില്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി വിജയിച്ചുവെന്ന പ്രചാരണം വരെ വന്നിരുന്നു.

2016ല്‍ മഞ്ഞളാംകുഴി അലിയും വി. ശശികുമാറും തമ്മില്‍ നടന്ന വീറും വാശിയും ഇത്തവണയും പെരിന്തല്‍മണ്ണയില്‍ ഉണ്ടായി. 2016ല്‍ 579 വോട്ടിനാണ് അലി വിജയിച്ചത്. ഇത്തവണ 2,17,959 വോട്ടാണ്​ മണ്ഡലത്തില്‍. 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 11,393 വോട്ട് ഇത്തവണ അധികം പെട്ടിയില്‍ വീണിട്ടുണ്ട്. ഇത് അധികവും പുതിയ വോട്ടാണ്.

മണ്ഡലത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാറോ മുന്‍ നഗരസഭാ അധ്യക്ഷന്‍ എം. മുഹമ്മദ് സലീമോ ആണ് സ്ഥാനാര്‍ഥികളാവുകയെന്നാണ് സി.പി.എം അണികളില്‍ തുടക്കം മുതലുണ്ടായിരുന്ന ധാരണ. ഇത് തകിടം മറിച്ചാണ് വ്യവസായി കൂടിയായ മുന്‍ ലീഗ്കാരന്‍ കെ.പി.എം. മുസ്തഫയെ സ്ഥാനാര്‍ഥിയാക്കിയത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതുമുതല്‍ ഇടത് ക്യാമ്ബ് ഏറെ നിരാശയിലുമായിരുന്നു. ഇതിനിടയിലും സംസ്ഥാനത്ത് തുടര്‍ഭരണ പ്രതീക്ഷ നിലനിന്നതിനാല്‍ ആ ഒാളത്തില്‍ പെരിന്തല്‍മണ്ണയില്‍ അട്ടിമറി വിജയം വേടുമെന്നാണ് സി.പി.എം പ്രതീക്ഷിച്ചിരുന്നത്.

അതേസമയം, കെ.പി. മുഹമ്മദ്​ മുസ്​തഫയുടെ മൂന്ന്​ അപരാന്‍മാര്‍ ചേര്‍ന്ന്​ പിടിച്ചത്​ 1972​ വോട്ടാണ്​. അപരന്‍മാരുടെ ഈ ‘ചതി’യും എല്‍.ഡി.എഫിന്​​ പാരയായി. നജീബ്​ കാന്തപുരത്തിന്‍റെ അപരന് 828 വോട്ടാണ്​ ലഭിച്ചത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button