‘രാജ്യത്ത് വാക്സിൻ ക്ഷാമമില്ല, സംസ്ഥാനങ്ങളുടെ പ്ലാനിംഗിലാണ് കുഴപ്പം’; കേരളം വാക്സിൻ പാഴാക്കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വാക്സിൻ ക്ഷാമമില്ലെന്നും വാക്സിൻ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇന്ന് ന്യൂഡെൽഹിയിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 കോടി കൊറോണ വാക്സിൻ ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം പറയുന്നു. 13,10,90,370 വാക്സിൻ ഡോസുകളാണ് കേന്ദ്ര സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും എത്തിയത്. ഇതിൽ 11,43,69,677 ഡോസുകളാണ് (പാഴായിപോയതുൾപ്പെടെ) ഉപയോഗിക്കപ്പെട്ടത്.
ഏപ്രിൽ മാസം അവസാനിക്കുന്നതോടെ രണ്ട് കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലേക്കും യൂണിയൻ ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കി കളഞ്ഞിട്ടുണ്ടെന്നും അതിനാൽ നിലവിലെ സ്റ്റോക്കിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്നും രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്നാൽ കേരളം ഇത്തരത്തിൽ വാക്സിൻ പാഴാക്കികളഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.