ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണം; നിര്‍ദ്ദേശങ്ങളുമായി ഡോ ബിജു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധികാരത്തില്‍ വരുന്ന പാര്‍ട്ടിയോട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് സംവിധായകന്‍ ഡോ ബിജു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഡോ ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.
തിരഞ്ഞെടുപ്പ് ഫലത്തിനു രണ്ടു ദിവസങ്ങള്‍ കൂടി…
തിരത്തെടുപ്പില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തണം എന്നതാണ് ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
1. ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഭൂ പ്രശ്‌നം പരിഹരിക്കണം.
2. ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍, ചികിത്സ, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവ ഉറപ്പാക്കണം.
3. യു എ പി എ യുടെ ദുരുപയോഗം കര്‍ശനമായി തടയണം.
4. മാവോയിസ്റ്റ് കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ , രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവ കര്‍ശനമായി തടയണം.
5. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉണ്ടാകാതെ ഇരിക്കണം. ലോക്കപ്പ് മര്‍ദ്ദന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.
6. പോലീസ് എന്നത് പേടിക്കേണ്ടുന്ന ഒരു വിഭാഗം എന്ന നില മാറ്റി ജനങ്ങളോട് മാന്യമായി പെരുമാറുന്ന ഒരു സേവന വിഭാഗം ആയി മാറണം.
7. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം.
8. ആരോഗ്യ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ആരോഗ്യ മന്ത്രിയുടെ ചുമതലയില്‍ അല്ലാതെ ആയുഷ് വകുപ്പിന് പ്രത്യേക മന്ത്രിക്ക് ചുമതല ഉണ്ടാവണം.
9. കാസര്‍കോട്ട് മെഡിക്കല്‍ കോളജ് ഉണ്ടാവണം.
10. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കണം.
11. കലയും സംസ്‌കാരവും ആയി എന്തെങ്കിലും പ്രാഥമിക ബന്ധമുള്ളതും അത്തരത്തില്‍ ക്രിയാത്മകമായ ബോധവുമുള്ള ഒരാളെ വേണം സാംസ്‌കാരിക മന്ത്രി ആയി നിയമിക്കാന്‍.
12. ചലച്ചിത്ര അക്കാദമിയെ സ്ഥിരം കോക്കസില്‍ നിന്നും രക്ഷപ്പെടുത്തി മലയാളസിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടാക്കുന്ന ഒരു സ്ഥാപനം ആക്കി മാറ്റാന്‍ പറ്റുന്ന ആളുകളെ നിയമിക്കണം.
13. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യം ആകണം. പൊതു ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നാവരുത് സര്‍ക്കാര്‍ എന്ന സംവിധാനം..
14. നാട്ടിലെ നിയമ വ്യവസ്ഥ സാധാരണക്കാര്‍ക്ക് ഒന്നും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക് വേറൊന്നും എന്ന നില മാറണം.
15. സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ താല്‍ക്കാലിക / സ്ഥിരം നിയമനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും ശുപാര്‍ശയും ഭീഷണികളും ഉണ്ടാവാന്‍ അനുവദിക്കരുത്…..
16. ജനപ്രതിനിധികളും മന്ത്രിമാരും പൊതുജനങ്ങളുടെ യജമാനന്മാര്‍ അല്ല മറിച്ച് പൊതുജനങ്ങളുടെ സേവകര്‍ ആണ് എന്ന ജനാധിപത്യ ബോധം ഉള്ള, ജനങ്ങളോട് ധിക്കാരവും അഹന്തയും വെച്ചു പുലര്‍ത്താത്ത , അധികാരം ദുര്‍വിനിയോഗം ചെയ്യാത്ത ജനപ്രതിനിധികള്‍ കൂടുതല്‍ ആയി ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു….