Kerala NewsLatest News

സാബു ജേക്കബിന് ബി.ജെ.പിയുടെ പിന്തുണ; ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ കിറ്റെക്സിനെ സഹായിക്കുമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

പാലക്കാട്: കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി. കോണ്‍ഗ്രസ്- സി.പി.ഐ.എം. വേട്ടയാടലിനെതിരെ സാബു ജേക്കബിനെ സഹായിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.സാബു ജേക്കബിന് താത്പര്യമുണ്ടെങ്കില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരിലാണ് വേട്ടയാടല്‍. കിറ്റെക്സ് കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും നടത്തുന്നത്. ബി.ജെ.പി. ഭരിക്കുന്ന യു.പിയില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സാബു ജേക്കബിന് താത്പര്യമെങ്കില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കും,’എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗിയെ ജനാധിപത്യപരമായാണ് നേരിടേണ്ടതെന്നും എ.എന്‍.രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 3,500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് അറിയിച്ച കിറ്റെക്‌സ് എം.ഡി. സാബു ജേക്കബിന് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു

ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂണ്‍ 28ന് തന്നെ കിറ്റെക്സുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും പി. രാജീവ് പറഞ്ഞിരുന്നു. ‘എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം,’ പി.രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button