ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കാത്ത തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കുന്നതാണെന്നാണ് മോദി പറയുന്നത്.
ഇന്ന് ചേര്‍ന്ന ബിജെപി എം.പിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനു നേരെ വിമര്‍ശനം ഉന്നയിച്ചത്. ഫോണ്‍ വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 14 രാഷ്ട്രീയ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കും എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ മുന്നൊരുക്കം എന്ന നിലയില്‍ ഇന്ന് ബിജെപി എംപിമാരുടെ യോഗം ചേര്‍ന്നിരുന്നത്. ഈ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ നടപടിയെ കുറിച്ച് വിമര്‍ശിച്ചത്.
ഇതിന് മുന്‍പ് നടന്ന യോഗത്തിലും ഇത്തരത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. രാജ്യത്തുയരുന്ന പ്രതിസന്ധികളെയോ വിവാദങ്ങളെയോ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്ന പരാതി ആയിരുന്നു പ്രധാനമന്ത്രി ഉന്നയിച്ചത്.