കേരളത്തിന്റെ ടെലി മെഡിസിൻ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത്.
NewsKeralaLocal NewsHealth

കേരളത്തിന്റെ ടെലി മെഡിസിൻ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത്.

കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിൻ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രവർത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ സഞ്ജീവനിയിൽ കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇതുവരെ 2831 കൺസൾട്ടേഷനുകളാണ് നടത്തിയത്. സാധാരണ രോഗങ്ങൾക്കുള്ള ഓൺ ലൈൻ ജനറൽ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഒ.പി.യും ഇപ്പോൾ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 വരെയാണ് ജനറൽ ഒ.പി.യുടെ പ്രവർത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിമുതൽ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങൾക്കുള്ള എൻ.സി.ഡി. ഒപി. സാധാരണ രോഗങ്ങൾക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാൽ ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവർക്കും പകർച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓെൈൺലൻ ചികിത്സാ പ്ലാറ്റ്ഫോമാണിത്. ഈ കോവിഡ് കാലത്ത് ആശുപത്രികളിൽ പോയ് തിരക്ക് കൂട്ടാതെ വീട്ടിൽ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ളയാർക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാൻ കഴിയും. വീട്ടിലെ ഒരാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും സ്ഥാപന മേധാവിയുടെ നമ്പർ ഉപയോഗിച്ച് മുഴുവൻ ജീവനക്കാർക്കും ചികിത്സ തേടാവുന്നതാണ്.

  1. ആദ്യമായി https://esanjeevaniopd.in/kerala എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  2. സൈറ്റിന്റെ മുകൾവശത്തായി കാണുന്ന പേഷ്യന്റ് രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക
  3. പേഷ്യന്റ് രജിസ്ട്രേഷൻ കോളത്തിനകത്ത് മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക
  4. മൊബൈലിൽ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക
  5. ഇനി വരുന്ന പേഷ്യന്റ് രജിസ്ട്രേഷൻ കോളത്തിൽ പേരും വയസും മറ്റ് വിവരങ്ങളും നൽകിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
  6. ഇത് കഴിഞ്ഞ് ലോഗിൻ ആകാൻ സമയമാകുമ്പോൾ മൊബൈലിൽ മെസേജ് വരും. അപ്പോൾ മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ
  7. മൊബൈലിൽ വരുന്ന പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്നിവ ടൈപ്പ് ചെയ്യുമ്പോൾ ക്യൂവിലാകും
  8. ഉടൻ തന്നെ ഡോക്ടർ വീഡിയോ കോൾ വഴി വിളിക്കും
  9. കൺസൾട്ടേഷൻ കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം.

പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടർമാരാണ് ഇ-സഞ്ജീവനി വഴി ഓൺലൈൻ സേവനം നൽകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ്, മലബാർ ക്യാൻസർ സെന്റർ, ആർസിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങൾ ടെലി മെഡിസിനായി കൈകോർക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടർമാരാണ് വിവിധ ഷിഫ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്നത്.

Related Articles

Post Your Comments

Back to top button