ശോഭ സുരേന്ദ്രനെ പിന്തുണച്ച്, കെ സുരേന്ദ്രനെതിരെ സംസ്ഥാന നേതാക്കൾ രംഗത്ത്.

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രനെ പിന്തുണച്ച് കെ.സുരേന്ദ്രനെതിരെ വിവിധ സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കുമാണ് കത്തയച്ചിരിക്കുന്നത്. 24 സംസ്ഥാന നേതാക്കളാണ് സുരേന്ദ്രനെതിരെ രംഗത്ത് വന്നത്.
കെ.സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുക യാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. ശോഭാ സുരേന്ദ്രൻ കെ സുരേന്ദ്രനെതിരെ പരാതി നൽകിയതാണ് ബി ജെ പി ക്കുള്ളിലെ വീഴുപ്പലക്കൽ പുറത്ത് വരാൻ കാരണമായത്.ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയത്. കെ.സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നുമാണ് കേന്ദ്ര നേതൃത്വത്തിനു ശോഭ പരാതി നല്‍കിയത്. ഇതിന് പിന്നാലെ മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.എം.വേലായുധനും പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രൻ വഞ്ചിച്ചെന്നും വേലായുധൻ ആരോപിച്ചു. തന്നെയും കെ.പി. ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷനാക്കാമെന്ന വാക്ക് സുരേന്ദ്രന്‍ പാലിച്ചില്ലെന്നും പരാതി അറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിൻ്റെ തുടർച്ചയായാണ് നേതാക്കൾ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. പ്രാദേശിക തലത്തിൽ അസംതൃപ്തരെ സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് വിമതവിഭാഗത്തിന്റെ നീക്കം.