പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇനി സിബിഐ അന്വേഷിക്കും.

കൊച്ചി / പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇനി സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്. സിബിഐ അടിയന്തരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിൽ ബഡ്‌സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 1368 കേസുകൾ കോടതി സിബിഐക്ക് കൈമാറി. ഇരകള്‍ക്ക് പണം തിരിച്ചു ലഭിക്കുന്നതിന് കേന്ദ്ര നിയമ പ്രകാരം കോടതി രൂപീകരിക്കാനും കമ്പനിയുടെ ആസ്തികള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണി ച്ചാണ് ജസ്റ്റീസ് പി.സോമരാജന്റെ ഉത്തരവ് ഉണ്ടായത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ നിലപാട് എടുക്കുകയായിരുന്നു. സി ബി ഐ യുടെ തീരുമാനം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.