Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ലൈഫ് മിഷൻ അഭിമാന പദ്ധതി അപമാനമാക്കി, ഫയൽ വരുത്തി നോക്കി മുഖ്യൻ കുടുങ്ങി.

ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നാണല്ലോ പ്രമാണം. കേരളത്തിൽ ഇപ്പോൾ അതാണല്ലോ അവസ്ഥ. ലൈഫ് മിഷന്റെ പേരിൽ വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കുന്ന റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെട്ടതിന്റെ രേഖകൾ എല്ലാം കൊണ്ട് വരൂ എന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചിരിക്കുന്നു. എപ്പോഴും എന്ത് ചോദിക്കുമ്പോഴും ഓടി വന്നു മറുപടി പറയാറുള്ള പ്രിയപ്പെട്ട ശിവശങ്കരൻ ഇല്ലിവിടെ. അത് കൊണ്ട് തന്നെ തദ്ദേശഭരണവകുപ്പ്, ലൈഫ് മിഷൻ, നിയമവകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ഫയലുകൾ പറഞ്ഞു മണിക്കൂറുകൾക്കകം മുഖ്യന്റെ മേശമേൽ എത്തി. അപ്പോഴിതാ പുറത്തൊരു വാർത്ത, ക്ലിഫ് ഹൗസ് വരെ സ്വപനയെത്തിയിരിക്കുന്നു. മാധ്യമങ്ങളല്ല ഇത് പറയുന്നത് സാക്ഷാൽ എൻഫോഴ്‌സ്‌മെന്റ്. പത്രലേഖകർ ചോദിക്കുമ്പോൾ എന്തും ഏതും നിഷേധിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പല സത്യങ്ങളൂം മനസിലാക്കുന്നത് വളരെ വൈകിയാണ്. മിക്കതും മാധ്യമങ്ങൾ പറഞ്ഞശേഷമാണ് തന്റെ ഓഫീസിലെ കാര്യം പോലും മുഖ്യൻ അറിയാറുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ അഭിമാനമെന്നു പറഞ്ഞിരുന്ന ലൈഫ് മിഷൻ പദ്ധതി പോലും.

ലൈഫ് മിഷൻ പദ്ധതിക്കായി സ്വപ്ന സുന്ദരി കമ്മിഷൻ വാങ്ങിയതിൽ സർക്കാരിനു പങ്കില്ലെന്നാണ് സർക്കാർ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. സർക്കാരിന്റെ അഭിമാന പദ്ധതിയിൽ നിന്ന് 20 കോടിയിൽ നിന്ന് ഏകദേശം നാലിലൊന്നാണ് സ്വപ്ന കമ്മിഷൻ അടിച്ചു കൊണ്ട് പോയത്. സ്വപ്ന പറഞ്ഞിട്ടാണ് പദ്ധതിയുടെ പണികിട്ടാൻ ശിവശങ്കറുമായി ബന്ധപെട്ടതെന്നും, പറഞ്ഞവർക്കൊക്കെ കൈക്കൂലി കൊടുത്തതെന്നും യൂണിടാക് ഉടമവരെ എൻഫോഴ്‌സ്‌മെന്റിനു മൊഴി കൊടുത്തിരിക്കുകയാണ്. ഇനി എന്തുപറയും ജനത്തിനോട്, എന്ത് പറയാനാവും പ്രതിപക്ഷത്തോട്, എന്നറിയാതെ കുഴങ്ങുംമ്പോഴാണ് 18 മത്തെ അടവെന്നോണം മുഖ്യൻ ഫയൽ എല്ലാം വിളിപ്പിച്ചത്. ഏതെങ്കിലും ഒരു വിദേശ സംഘടനയിൽ നിന്നും സഹായം സ്വീകരിക്കുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങണമെന്ന നിയമവകുപ്പിന്റെ മുന്നറിയിപ്പ് മറികടന്നു ധാരണാപത്രം ഒപ്പിട്ടതെന്തിനെന്ന ചോദ്യത്തിനു സർക്കാർ തീർത്തും കുരുക്കിലകപ്പെട്ടിരിക്കുകയാണ്.

റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിനു മുൻപ് മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തില്ല. സംസ്ഥാന സർക്കാരും റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നതുപോലെ ഭവന, ആശുപത്രി നിർമാണത്തിനു പിന്നീട് എന്തെങ്കിലും ധാരണാപത്രം ഉണ്ടാക്കിയോ എന്നു സംസ്ഥാന സർക്കാരിന് പോലും അറിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അപ്പോൾ കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ എന്താണ് നടന്നിരിക്കുന്നത്. ഭരണത്തിന്റെ പേരിൽ പക്കാ കുഭകോണം തന്നെയാണ്. ജനത്തിന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരൽ തന്നെയാണ്. ഇതെല്ലാം അറിഞ്ഞില്ലെന്ന് പറഞ്ഞു ജനത്തിന്റെ കണ്ണിൽ എത്രനാൾ പൊടിവാരി എറിഞ്ഞു രക്ഷപെടാൻ ആവും എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. മുഖ്യമന്ത്രി മാത്രമല്ല, പാർട്ടി നേതൃത്വവും ലൈഫ് മിഷനിൽ വെട്ടിലായിരിക്കുകയാണ്. ചാനൽ ചർച്ചകളിൽ ഇനിയെന്ത് പറയും എന്നറിയാത്ത അവസ്ഥയിൽ അയി നേതാക്കൾ.
ലൈഫ് മിഷൻ പദ്ധതിക്ക് 4.25 കോടിരൂപ കമ്മിഷൻ നൽകിയെന്നാണ് യൂണിടാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്കു മൊഴി നൽകിയത്. ഭവനരഹിതർക്കു വീടു നിർമിക്കാൻ ലഭിച്ച 20 കോടിയിൽ ഇത്രയും കമ്മിഷൻ നൽകിയെന്ന മൊഴി പദ്ധതിക്കു നേതൃത്വം നൽകുന്ന സർക്കാരിനു തിരിച്ചടി മാത്രമല്ല,ഇത് മൂടിവെക്കാൻ സർക്കാർ ചിലവിൽ പത്രസമ്മേളങ്ങൾ നടത്തുക കൂടി ചെയ്തിരിക്കുന്നു. ഇതിനു ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാതെ ഇതിൽ നിന്നും രക്ഷപെടാൻ സർക്കാരിന് ഒരിക്കലും ആവില്ല. പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അതിവേഗത്തിലാണ്. ധാരണാപത്രം ഒപ്പിടുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് വിദേശ സഹായത്തെക്കുറിച്ച് ലൈഫ് മിഷൻ സിഇഒ പോലും അറിയുന്നത് എന്നതാണ് യാഥാർഥ്യം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുബായിൽ പോയി ചർച്ച നടത്തി വന്നതിനു ശേഷമാണ് പദ്ധതി കേരളത്തിനു ലഭിക്കുന്നത്. അതുകൊണ്ടു തന്നെ എനിക്കിതൊന്നും അറിയില്ലെന്ന് പറഞ്ഞു മുഖ്യന് തടിയൂരാനും ആവില്ല. ലൈഫ് മിഷൻ സിഇഒ യു.വി.ജോസാണ് 2019 ജൂലൈ 11ന് സർക്കാരിനു വേണ്ടി റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെട്ടത്. അതിനാൽ സർക്കാരിന് ഇതിൽ ബന്ധമില്ലെന്ന് പറയാനും പറ്റില്ല. ഇടനിലക്കാരുടെ ഇടപാടുകൾ അറിഞ്ഞില്ലേയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറയേണ്ട ബാധ്യത സർക്കാരിന് മാത്രമാണ് ഉള്ളത്. ഫയലുകൾ വിളിച്ചുവരുത്തി ഇനി ഒരന്വേഷണം പ്രഖ്യാപിച്ചാലും,സർക്കാർ ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ തന്നെയാണ്. സ്വപ്നയുടെ ബന്ധം അധികാരത്തിന്റെ ഇടനാഴികളിൽ നിർലോഭം തുടർന്നിരുന്നു എന്ന് കേരളത്തിലെ ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button