ഊന്നുകള്‍ തെന്നിമാറിയത് മൂലമാണ്, നിർമ്മാണത്തിനിടെ തലശ്ശേരി മാഹി ബൈപ്പാസ് പാലത്തിന്റെ ഗർഡറുകൾ നിലം പൊത്തിയതെന്ന് എന്‍ എച്ച് എ ഐ യുടെ റിപ്പോർട്ട്.

വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും നല്‍കിയിരുന്ന ഊന്നുകള്‍ തെന്നിമാറിയത് മൂലമാണ്, നിർമ്മാണത്തിനിടെ തലശ്ശേരി മാഹി ബൈപ്പാസ് പാലത്തിന്റെ ഗർഡറുകൾ നിലം പൊത്തിയതെന്ന് എന്‍ എച്ച് എ ഐ യുടെ റിപ്പോർട്ട്. സംസ്ഥാന സർക്കാരിന് നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് കോണ്‍ക്രീറ്റ് ചെയ്‌ത് നിര്‍ത്തിയിരുന്ന 4 ഗര്‍ഡറുകളില്‍ ഒന്നിന് വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും നല്‍കിയിരുന്ന സപ്പോര്‍ട്ട് (ഊന്നുകള്‍) തെന്നിമാറിയതും അത് സമാന്തരമായി നിര്‍മിച്ചിരുന്ന മറ്റ് ഗര്‍ഡറുകള്‍ക്ക് മീതെ വീണതുമാണ് കാരണമെന്നു പറഞ്ഞിരിക്കുന്നത്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി മാഹി ബൈപ്പാസില്‍ പണിതു കൊണ്ടിരിക്കുന്ന പാലത്തിലെ ഗര്‍ഡറുകള്‍ വീണുപോയതിനെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എന്‍എച്ച്എഐ യുടെ കേരള മേധാവി ബി ആര്‍ മീണയ്ക്ക് മന്ത്രി ജി സുധാകരൻ കത്തിലൂടെ ആവശ്യപെട്ടിരുന്നതാണ്. ഫോട്ടോകള്‍ സഹിതം ആണ് എന്‍ എച്ച് എ ഐ യുടെ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുള്ളത്. നിര്‍മ്മാണ സ്ഥലത്തെ എന്‍എച്ച്എഐ യുടെ ടീം ലീഡര്‍ പ്രകാശ് ജി ഗവാന്‍കര്‍ കോഴിക്കോടുള്ള എന്‍എച്ച്എഐ യുടെ പ്രോജക്‌ട് ഡയറക്‌ടര്‍ക്ക് അയച്ച കത്തിലും എന്‍എച്ച്എഐ യുടെ കേരള മേധാവിയുടെ കണ്ടെത്തലുകള്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഗര്‍ഡറുകളുടെ വീഴ്‌ച സംബന്ധിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണവും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് എന്‍ഐടി യെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, എന്‍എച്ച്എഐ അറിയിച്ചിട്ടുണ്ട്.