CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

എൻ ഐ എ വീണ്ടും സെക്രട്ടേറിയറ്റിൽ, ക്യാമറകളിലെ ദൃശ്യങ്ങൾ ആവശ്യപ്പെടും.

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റുമായുള്ള ബന്ധം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വീണ്ടും സെക്രട്ടറിയേറ്റിൽ എത്തി. ഏതൊക്കെ ഓഫിസുകളിൽ ആരെയൊക്കെ പ്രതികൾ എത്തി സന്ദർശിച്ചുവെന്നു കണ്ടെത്തുന്നതിനായിട്ടാണ് ദേശീയ അന്വേഷണ ഏജൻസി മൂന്നാം തവണയും സെക്രട്ടേറിയറ്റിൽ എത്തുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധന നടത്തിയ എൻ ഐ എ, സെക്രട്ടേറിയറ്റിലെ 83 ക്യാമറകൾ എവിടെയൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നു മനസിലാക്കുകയുണ്ടായി. എം ഐ എ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ അന്വേഷണം നടക്കുന്നതിനിടെ
സെക്രട്ടേറിയറ്റിൽ തീ പിടിത്തമുണ്ടായ പ്രോട്ടോക്കോൾ ഓഫീസും എൻ ഐ എ സന്ദർശിക്കുകയുണ്ടായി. ഏതൊക്കെ ക്യാമറകളിലെ ദൃശ്യങ്ങൾ ആവശ്യപ്പെടണം എന്നതിനെ സംബന്ധിച്ച് എൻ ഐ എ ബുധനാഴ്ച വൈകിട്ടോടെ തീരുമാനം എടുക്കും. 2 ദിവസത്തിനുള്ളിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കത്തു നൽകും.

കഴിഞ്ഞ ദിവസം, രാവിലെ 10 മണിയോടെ ‘സിഡാക്കി’ലെ സാങ്കേതിക വിദഗ്ധർക്കൊപ്പം എത്തിയ എൻഐഎ പ്രതിനിധികൾ, പരിശോധന പൂർത്തിയാക്കി 4 മണിയോടെ മടങ്ങുകയായിരുന്നു. പൊതുഭരണ, ഐടി സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും സെർവർ റൂമിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പൊതുഭരണ സെക്രട്ടറിക്കു നോട്ടിസ് നൽകിയ ശേഷമാണ് എൻഐഎ എത്തിയത്. സെക്രട്ടേറിയറ്റിലെ സെർവർ റൂമും കൺട്രോൾ റൂമും ദൃശ്യങ്ങളും എൻ ഐ എ പരിശോധിക്കുകയുണ്ടായി. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സുരക്ഷിതമാണോ, അവയിൽ ക്രമക്കേടിനു സാധ്യതയുണ്ടോ, ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ് എൻ ഐ എ മുഖ്യമായും പരിശോധന നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുന്നതോടെ സ്വർണക്കടത്തു പ്രതികൾ സെക്രട്ടേറിയറ്റിൽ എത്ര തവണ വന്നുവെന്നും ആരെയൊക്കെ കണ്ടുവെന്നും വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ ക്യാമറകളിലെയും ഒരു വർഷത്തെ ദൃശ്യം പകർത്തുന്നതു ബുദ്ധിമുട്ടാണ്. പക്ഷെ എൻഐഎ ആവശ്യപ്പെടുന്ന ക്യാമറകളിലെ നിശ്ചിത ദിവസങ്ങളിലെ ദൃശ്യങ്ങൾ സർക്കാരിന് നൽകേണ്ടി വരും. ഇക്കാര്യത്തിൽ ഇനി വൈകിപ്പിക്കാനുള്ള അവസരം നൽകില്ല. ഇതിനു മുൻപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കത്തു നൽകാനും നയതന്ത്ര ബാഗേജുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെടാനുമാണ് എൻ ഐ എ സെക്രട്ടേറിയറ്റിൽ വരുന്നത്.

അതേസമയം, സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാറും നടത്തിപ്പും അന്വേഷണ ഏജൻസികൾ പരിശോധിച്ച്‌ വരുകയാണ്. കേരളത്തിലെ രണ്ടു പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ താൽപര്യമുണ്ടെന്നു പറഞ്ഞിട്ടും, അവരെ ഒഴിവാക്കി കൊണ്ട് യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നീ ഏജൻസികൾക്ക് വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാർ നൽകിയതിന് പിന്നിൽ സ്വപ്ന സുരേഷിന്റെ ഇടപെടൽ നടന്നിട്ടുണ്ടോ എന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും, ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയും അന്വേഷിക്കുന്നത്.

ബെംഗളൂരു ലഹരിമരുന്നു കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയുടെ ഇടപെടൽ മൂലമാണ് വീസ സ്റ്റാംപിങ് സെന്ററിന്റെ കരാർ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാതെ, യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നീ ഏജൻസികൾക്ക് നൽകിയതെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം. ബെംഗളൂരു കമ്മനഹള്ളിയിൽ അനൂപ് ആരംഭിച്ച റസ്റ്ററന്റിന് ഇതിലെ ഒരു ബിസിനസ് പങ്കാളിയാണ് മുതൽ മുടക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ വീസ സ്റ്റാംപിങ് സെന്ററിലും ഇതിലൊരാൾക്ക് മുതൽ മുടക്കുണ്ടെന്നാണ് അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരം. അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ തെളിവാണ് എൻ ഐ എ ഇപ്പോൾ തേടുന്നത്. അത് ലഭിച്ചാൽ സ്വർണക്കടത്തു കേസിൽ അത് ഗുരുതര രാഷ്ട്രീയ മാനങ്ങളുള്ള വഴിത്തിരിവുണ്ടാക്കുമെന്നാണ് വിവരം.

കേരളം അടക്കമുള്ള 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു യുഎഇയിലേക്കു പോകുന്നവരുടെ വീസ സ്റ്റാംപിങ് അടക്കമുള്ള സേവനങ്ങൾക്കു 15,000 –20,000 രൂപവരെയാണ് കരാർ എടുത്ത സ്ഥാപനങ്ങൾ വാങ്ങി വന്നിരുന്നത്. ഒപ്പം, വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ തൊഴിൽദാതാക്കളുമായുള്ള സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കുന്നതിനും, ഇവരുടെ നിക്ഷേപം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും, സെന്ററുകൾ ഇടനിലക്കാരായി നിന്ന് കമ്മിഷൻ വാങ്ങാറുണ്ട്. എൻഐഎ കണ്ടെത്തിയ ബാങ്ക് നിക്ഷേപങ്ങളിൽ യുഎഎഫ്എക്സും ഫോർത്ത് ഫോഴ്സും നൽകേണ്ട കമ്മിഷനുമുണ്ടെന്നാണ് സ്വപ്ന മൊഴി നൽകിയിട്ടുള്ളത്. അതിൽ നിന്ന്എ തന്നെ ഈ സ്ഥാപനങ്ങളുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടെന്നതും വ്യക്തമാണ്. എന്നാൽ ഈ പണം അവർക്കു കൈമാറാതെ സൂക്ഷിച്ചതിൽ നിന്ന്, അതിന്റെ യഥാർത്ഥ അവകാശികൾ നിലവിൽ അന്വേഷണ പരിധിക്കുള്ളിൽ വന്നതും, അന്വേഷണ ഏജൻസികളുടെ നിരീഷണത്തിൽ ഉള്ളതുമായ മറ്റൊരാളാണ്പിന്നിലുള്ളതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button