CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ബിനീഷ് കോടിയേരിയെ കുരുക്കിലാക്കി അനൂപിന്റെ മൊഴി

ബെംഗളുരുവില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കുരുക്കിലാക്കി. അന്തർ സംസ്ഥാന ലഹരി മരുന്ന് മാഫിയയിലെ മുഖ്യ പ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയാണ് നടന്‍ കൂടിയായ ബിനീഷ് കൊടിയേരിയെ കുരുക്കിലാക്കിയിരിക്കുന്നത്.
ബെംഗളുരു കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് പണം നല്‍കി സഹായിച്ചിരുന്നു എന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ബിനീഷ് കൊടിയേരിക്കെതിരായ പരാമര്‍ശങ്ങൾ ഉള്ളത്. 2015ലാണ് ബിനീഷ് പണം നല്‍കിയത്. 2018ല്‍ അനൂപ് ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ ഹോട്ടല്‍ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറുകയായിരുന്നു. അതേസമയം ഹോട്ടല്‍ നടത്തിപ്പില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയില്‍ പറഞ്ഞിട്ടില്ല. അനൂപിന് പലതവണകളായി ആറു ലക്ഷം രൂപയോളം കടം നല്‍കി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി പറഞ്ഞതിന് പിറകെയാണ് അനൂപിന്റെ മൊഴിയുടെ കാര്യം പുറത്ത് വരുന്നത്.
ഈ വര്‍ഷം ആദ്യം ഹെന്നൂര്‍ റിങ് റോഡില്‍ രണ്ടു പങ്കാളികള്‍ക്കൊപ്പം മറ്റൊരു ഹോട്ടല്‍ തുടങ്ങുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ അത് പൂര്‍ത്തിയാക്കാനായില്ല. ഈ സമയമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഡ്രഗ് ബിസിനസ് പരീക്ഷിക്കുന്നതിന് തീരുമാനിച്ചതെന്ന് അനൂപ് എന്‍സിബിക്കു നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നു.

ഇതിനായി റിജേഷ് എന്നയാളുമായി ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഗോവയില്‍ ഒരു മ്യൂസിക് പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള സൗഹൃദമാണ് ഈ ബന്ധത്തിലേക്ക് നയിച്ചത്. ഇതിനായി തന്റെ റെസ്റ്റോറെന്റിന്റെ അടുക്കള ഉപകരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തിയതെന്നും, എന്നാല്‍ ഡ്രഗ് ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ ബന്ധുക്കള്‍ക്കൊ വീട്ടുകാര്‍ക്കൊ അറിയില്ലെന്നും അനൂപ് മൊഴിയില്‍ പറയുന്നുണ്ട്.
അനൂപിന്റെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ അനൂപിന്റെ ഈ ഒരു മുഖത്തെക്കുറിച്ച് അറിയില്ല. അദ്ദേഹത്തിന്റെ വീട്ടുകാരും ഇതുവരെ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇങ്ങനെ ഒരാളാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ബന്ധത്തിന് തയാറാകുകയില്ലായിരുന്നെന്നുമാണ് ബിനീഷ് പ്രതികരിച്ചിട്ടുള്ളത്. അതേസമയം അനൂപുമായി സാമ്പത്തിക ഇടപാടു നടത്തിയവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ എന്‍സിബി വരും ദിവസങ്ങളില്‍ പരിശോധിക്കും. ലഹരി ഇടപാട് വിഷയവുമായി ബന്ധപെട്ടു മലയാള സിനിമയിലെ ചില നടന്‍മാരിലേയ്ക്കും അന്വേഷണം നീളുമെന്നാണ് ഇപ്പോൾ അറിയുന്ന വിവരം.

അതേസമയം, ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേും കര്‍ണാടകയില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദും കൂട്ടുകച്ചവടക്കാരെന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംശയിക്കുന്നത്. ബിനീഷ് കോടിയേരി പല തവണ അനൂപിന് ലക്ഷങ്ങള്‍ നല്‍കിയിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കടമായിറ്റായിരുന്നില്ല. ലഹരിമരുന്ന് കച്ചവടത്തിലെയും ഹോട്ടല്‍ ബിസിനസിലെയും പങ്കാളിത്തത്തിന് വേണ്ടിയാണെന്നുമാണ് എന്‍സിബി വൃത്തങ്ങള്‍ നൽകുന്ന സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.

കേരളത്തില്‍ അനൂപ് മുഹമ്മദിന് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ രാഷ്ട്രീയ സഹായം ലഭ്യമായിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാക്കുന്നുണ്ട്. ബിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ആറുലക്ഷം രൂപ മാത്രമല്ല അനൂപ് മുഹമ്മദ് അടങ്ങുന്ന സംഘത്തിന് കൈമാറിയത്. ഇക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അനൂപിനെ വളരെ നന്നായി അറിയാം. വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നത്. ഹോട്ടല്‍ റൂം ബുക്ക് ചെയതു.തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നല്‍കി. ആറു ലക്ഷം രൂപയാണ് വായ്പയായി നല്‍കിയത്’. എന്നായിരുന്നു ബിനീഷ് പറഞ്ഞത്. അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലെ വസതിയില്‍ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നു. മലയാളത്തിലെ ഒരു പുതുമുഖ നടനും ഇവരുടെ കച്ചവടത്തില്‍ പങ്കാളിയാണ്. കേരളത്തില്‍ അനൂപ് മുഹമ്മദും സംഘവും കൊച്ചിയിലും കോട്ടയത്തും ആലപ്പുഴയിലുമായി ലഹരിമരുന്ന് പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അനൂപിന്റെ ഫോണില്‍ നിന്നും എന്‍സിബി കണ്ടെത്തിയിരിക്കുകയാണ്. കുമരകത്തെ പാര്‍ട്ടിയില്‍ കോടിയേരിയുടെ മകനും പങ്കെടുത്തിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button